സ്വവര്‍ഗാനുരാഗിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി താലിബാന്, വീഡിയോ ബന്ധുക്കള്ക്കയച്ചു
1 min readഅഫ്ഗാനില്‍ സ്വവര്‍ഗാനുരാഗിയായ യുവാവിനെ താലിബാന് തട്ടിക്കൊണ്ടുപോയി വധിച്ചുവെന്ന് അദ്ദേഹത്തെ അറിയുന്ന ആക്ടിവിസ്റ്റുകള്‍ പറയുന്നു. പിങ്ക് ന്യൂസ് ആണ് ആദ്യമായി കൊലപാതകത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കാബൂളിലുള്ള ഹമീദ് സബൂരി ആഗസ്ത് അഞ്ചിനാണ് കൊല്ലപ്പെട്ടത് എന്ന് ആക്ടിവിസ്റ്റുകള്‍ പറയുന്നു. ഈ 22 കാരന്റെ കൊലപാതകവിവരം ലോകമറിയുന്നത് ഈയാഴ്ച ഹമീദിന്റെ മുന്‍ ബോയ്ഫ്രണ്ട് ഇക്കാര്യം വെളിപ്പെടുത്തിയ ശേഷം മാത്രമാണ്.
കൊലപാതകത്തിന്റെ ഗ്രാഫിക് വീഡിയോ ഫൂട്ടേജില്‍ സബൂരിയോട് സാമ്യമുള്ള ഒരു യുവാവിനെ വെടിവയ്ക്കുന്നത് കാണാം. കഴുത്തിലും തലയിലുമായി കുറഞ്ഞത് 12 തവണയെങ്കിലും വെടിവയ്ക്കുന്നതായും വീഡിയോയില്‍ കാണാമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങള്‍ക്ക് ശേഷം താലിബാന് തന്നെ അസ്വസ്ഥതാകരമായ ഈ കൊലപാതകത്തിന്റെ വീഡിയോ സബൂരിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുത്തു. അവര്‍ പിന്നീട് ഇത് അഫ്ഗാനിലെ എല്‍ജിബിടിക്യു പ്ലസ് ഗ്രൂപ്പായ റൊഷാനിയയ്ക്ക് അയച്ച് കൊടുത്തു.
‘ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന, ഒരു ഗേ ചെറുപ്പക്കാരനായിരുന്നു സബൂരി, അതാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്’ എന്ന് റൊഷാനിയയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നെമാത് സാദത്ത് ഇന്‍സൈഡിന് നല്കിയ പ്രസ്താവനയില്‍ പറഞ്ഞു. ‘സബൂരിക്ക് ഒരു ഡോക്ടറാകാനായിരുന്നു ആ?ഗ്രഹം. ജീവിതകാലം മൊത്തം ഒരു ഗേ ആയതിന്റെ പേരില്‍ വിവേചനം അനുഭവിച്ച ആളായിരുന്നു സബൂരി. അവസാനം മരണസമയത്ത് പോലും അവനെ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല’ എന്നും സാദത്ത് പറഞ്ഞു.
താലിബാന് LGBT+ ആളുകളോട് വളരെ മോശം സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് എന്നും സാദത്ത് ആരോപിക്കുന്നു. സബൂരിയുമായി ബന്ധത്തിലുണ്ടായിരുന്ന ആളാണ് ബാഹര്‍ സബൂരിയെ വധിക്കുന്ന വീഡിയോ ബാഹറിനും അയച്ച് കിട്ടിയിരുന്നു. ‘അപകടകരമായ ഒരു അറിയിപ്പ് സബൂരിയുടെ കുടുംബത്തിന് നല്കാന് താലിബാന് ആഗ്രഹിച്ചിരുന്നിരിക്കാം. അതിനാലാവണം ആ വീഡിയോ അയച്ച് നല്കിയിട്ടുണ്ടാവുക’ എന്ന് ബാഹര്‍ പറയുന്നു. വളരെ നല്ല ആളായിരുന്നു സബൂരി. അവന്റെ സെക്ഷ്വാലിറ്റി കാരണമാണ് അവന് മരണപ്പെട്ടത് എന്നും ബാഹര്‍ പറയുന്നു.
‘താന്‍ ഗേ ആയത് കൊണ്ട് താലിബാന് തന്നെ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. തന്റെ ജീവിതം അപകടത്തിലാണ് എന്ന് ജൂലൈയില്‍ സബൂരി തന്നോട് പറഞ്ഞിരുന്നു. എന്നാല്‍, അത് തമാശ പറയുന്നതാവും എന്നാണ് കരുതിയിരുന്നത്’ എന്ന് ബാഹര്‍ പറയുന്നു. ആഗസ്തിലാണ് സബൂരിയെ തട്ടിക്കൊണ്ടു പോയത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം കിട്ടി. സബൂരിയുടെ മരണത്തിന് ശേഷം രണ്ട് വട്ടം ബാഹര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ‘ജയിലില്‍ വച്ച് തന്നെ ലൈംഗികമായി ഉപദ്രവിച്ചു. കൈക്കൂലി കൊടുത്തും ട്രക്കിന് പിന്നിലൊളിച്ചുമാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വീട്ടില്‍ താലിബാന് തിരച്ചില്‍ നടത്തി. ഇനിയൊരിക്കല്‍ കൂടി അറസ്റ്റ് ചെയ്യപ്പെട്ടാല്‍ താനും കൊല്ലപ്പെട്ടേക്കാം എന്ന ഭയം തനിക്കുണ്ട്. താന്‍ സുരക്ഷിതനല്ല’ എന്നും ബാഹര്‍ പറയുന്നു.
ബാഹര്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണ്. എല്‍ജിബിടിക്യു സംഘടനയായ Behesht പറയുന്നത് സബൂരിയെ മാത്രമല്ല അതുപോലെ അനവധി ആളുകളെയാണ് താലിബാന് കൊന്നുകളഞ്ഞത് എന്നാണ്. താലിബാന് വീണ്ടും അധികാരത്തില്‍ വന്നശേഷം അഫ്ഗാനിലെ LGBT+ ആളുകളെല്ലാം തന്നെ വലിയ ഭയത്തിലാണ് കഴിയുന്നത്. എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ കൊല്ലപ്പെട്ടേക്കാം എന്നാണ് അവരുടെ ആധി.