‘മകളെ നന്നായി നോക്കൂ’, ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പൈലറ്റിന്റെ അവസാന സന്ദേശം

1 min read

മുംബൈ: നമ്മുടെ മകളെ നന്നായി നോക്കൂ, അവള്‍ക്ക് സുഖമില്ല’ ,ചൊവ്വാഴ്ചയുണ്ടായ ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പൈലറ്റ് അവസാനമായി ഭാര്യയുമായി സംസാരിച്ച വാക്കുകളാണിത്. മരിക്കുന്നതിന് ഒരു ദിവസം മുമ്പാണ് പൈലറ്റ് അനില്‍ സിംഗിന്റെ ഈ വാക്കുകള്‍. അന്ധേരിയില്‍ ഭാര്യ ഷിറിന്‍ ആനന്ദിതയ്ക്കും മകള്‍ ഫിറോസ സിംഗിനുമൊപ്പമായിരുന്നു അനില്‍ സിംഗ് (57) താമസിച്ചിരുന്നത്.

ആര്യന്‍ ഏവിയേഷന്റെ കീഴിലുള്ള ബെല്‍ 407 (VTRPN) ഹെലികോപ്റ്ററില്‍ കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് ഗുപ്ത്കാശിയിലേക്ക് തീര്‍ത്ഥാടകരെ കൊണ്ടുപോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കുന്നില്‍ ഇടിച്ച് ഹെലികോപ്റ്റര്‍ തകരുകയായിരുന്നു. രാവിലെ 11.45 ഓടെയാണ് അപകടമുണ്ടായതെന്ന് രുദ്രപ്രയാഗ് ജില്ലാ ദുരന്തനിവാരണ ഓഫീസര്‍ നന്ദന്‍ സിംഗ് പറഞ്ഞു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ആറ് തീര്‍ത്ഥാടകരും അപകടത്തില്‍ മരിച്ചു.

ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ താനും മകളും ദില്ലിയിലേക്ക് പോകുമെന്ന് ആനന്ദിത പറഞ്ഞു. ‘തിങ്കളാഴ്ച ആയിരുന്നു ഞങ്ങളുടെ അവസാനത്തെ കോള്‍. ഞങ്ങളുടെ മകള്‍ക്ക് സുഖമില്ല. അവളെ പരിപാലിക്കാന്‍ അദ്ദേഹം എന്നോട് പറഞ്ഞു,’ തിരക്കഥാകൃത്തായ ആനന്ദിത ഫോണില്‍ പിടിഐയോട് പറഞ്ഞു. ദില്ലിയിലെ ഷഹാദ്ര പ്രദേശവാസിയായ സിംഗ് കഴിഞ്ഞ 15 വര്‍ഷമായി മുംബൈയിലാണ് താമസം.

എന്നാല്‍, അപകടമായതിനാല്‍ തനിക്ക് ആര്‍ക്കെതിരെയും പരാതിയില്ലെന്ന് ആനന്ദിത പറഞ്ഞു. മാത്രമല്ല, ഉത്തരാഖണ്ഡില്‍ എപ്പോഴും പ്രതികൂല കാലാവസ്ഥയാണെന്നും അവര്‍ പറഞ്ഞു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി), ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ എന്നിവയുടെ ടീമുകള്‍ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആര്യന്‍ ഏവിയേഷനെതിരെ ചില നിയമ ലംഘനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അടുത്തിടെ 5 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഡിജിസിഎ വെബ്‌സൈറ്റ് പ്രകാരം കമ്പനിയുടെ അഞ്ച് ഹെലികോപ്റ്ററുകളില്‍ 6 സീറ്റുള്ള ഒരേയൊരു ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

Related posts:

Leave a Reply

Your email address will not be published.