ഗംഭീര ആശയം; മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതലി’നെക്കുറിച്ച് സൂര്യ
1 min readഈ വര്‍ഷം മലയാള സിനിമയില്‍ ഏറ്റവും വൈവിധ്യമുള്ള ചിത്രങ്ങളുമായി എത്തിയ താരം മമ്മൂട്ടിയാണ്. ഭീഷ്മപര്‍വ്വം, സിബിഐ 5, പുഴു, റോഷാക്ക് എന്നിങ്ങനെ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം വരാനിരിക്കുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട പുതിയ മമ്മൂട്ടി ചിത്രത്തെയും വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ വരവേറ്റിട്ടുള്ളത്. മമ്മൂട്ടിക്കൊപ്പം നായികയായി ജ്യോതിക എത്തുന്ന കാതല്‍ ആണ് ആ ചിത്രം. സംവിധാനം ചെയ്യുന്നത് ജിയോ ബേബിയും. ഇപ്പോഴിതാ ഈ പ്രോജക്റ്റിനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ പറയുകയാണ് സൂര്യ.
ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററുകള്‍ പങ്കുവച്ചുകൊണ്ട് സൂര്യ ട്വീറ്റ് ചെയ്തത് ഇങ്ങനെ ആദ്യദിനം മുതല്‍, ഈ ചിത്രത്തിന്റെ ആശയം, ഒപ്പം സംവിധായകന്‍ ജിയോ ബേബിയും മമ്മൂട്ടി കമ്പനി അണിയറക്കാരും എടുത്ത ഓരോ ചുവടും ഗംഭീരമായിരുന്നു. മമ്മൂക്കയ്ക്കും ജോയ്ക്കും കാതലിന്റെ മറ്റ് അണിയറക്കാര്‍ക്കും എല്ലാവിധ ആശംസകളും. സന്തോഷ ജന്മദിനം ജോ, സൂര്യ ട്വിറ്ററില്‍ കുറിച്ചു.
ജ്യോതികയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഇത്. തിയറ്ററുകളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. അതേസമയം ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.
ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കന്‍, കലാസംവിധാനം ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്സ്, സൗണ്ട് ഡിസൈന്‍ ടോണി ബാബു, ഗാനരചന അലീന, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍ അഖില്‍ ആനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ മാര്‍ട്ടിന്‍ എന്‍ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റില്‍സ് ലെബിസണ്‍ ഗോപി, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, പി ആര്‍ ഒ പ്രതീഷ് ശേഖര്‍. കാതലിന്റെ ചിത്രീകരണം ഒക്ടോബര്‍ 20 ന് കൊച്ചിയില്‍ ആരംഭിക്കും.