ബെംഗലുരുവില്‍ നാര്‍കോട്കിസ് ‘ഡോണ്‍’; സുഡാന്‍ സ്വദേശി തൃശ്ശൂര്‍ പൊലീസിന്റെ പിടിയില്‍

1 min read

തൃശ്ശൂര്‍: കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന വിദേശ സംഘം തൃശൂര്‍ സിറ്റി പോലീസിന്റെ പിടിയില്‍. ബാംഗ്ലൂര്‍ നഗരത്തില്‍ യലഹങ്ക ആസ്ഥാനമാക്കി അധോലോക ലഹരിവിരുദ്ധ വിപണനം നടത്തുന്നവരാണ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം.

സുഡാന്‍ സ്വദേശി ഫാരിസ് മൊക്തര്‍ ബാബികര്‍ അലി (29) എന്ന ‘ഡോണ്‍’ ആണ് അറസ്റ്റിലായത്. ഇയാളോടൊപ്പം താമസിച്ചിരുന്ന പാലസ്തീന്‍ സ്വദേശി ഹസൈന്‍ (29) എന്നയാളും പിടിയിലായി. ഇവരില്‍ നിന്നും അതിമാരക മയക്കുമരുന്ന് 350 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പാലസ്തീന്‍ സ്വദേശിയേയും പിടികൂടിയ മയക്കുമരുന്നും നിയമനടപടികള്‍ക്കായി ബാംഗ്ലൂര്‍ പോലീസിന് കൈമാറി.

കേരളത്തിലേക്കും മറ്റ് ഇതര സംസ്ഥാനങ്ങളിലേക്കും എംഡിഎംഎ മൊത്തക്കച്ചവടം നടത്തുന്ന വിദേശ സംഘമാണ് തൃശൂര്‍ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്. 2022 മെയ് മാസത്തില്‍ മണ്ണുത്തി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് 197 ഗ്രാം എംഡിഎംഎയുമായി ചാവക്കാട് സ്വദേശി ബുര്‍ഹാനുദീന്‍ (26) എന്നയാളെ പിടികൂടിയിരുന്നു. ചാവക്കാട്, കുന്നംകുളം മേഖലകളില്‍ മയക്കുമരുന്ന് ചില്ലറ വില്‍പ്പന നടത്താനായി കൊണ്ടുവരുന്നതിനിടെയാണ് ഇയാളെ ലഹരിവിരുദ്ധ സ്‌ക്വാഡ് പോലീസ് പിടികൂടിയത്.

ബുര്‍ഹാനുദ്ദീനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ക്ക് മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയിരുന്നത് സുഡാന്‍ സ്വദേശിയാണെന്ന് മനസിലായി. തുടര്‍ന്ന് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ വിദേശികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് ലഹരി വിരുദ്ധ സ്‌ക്വാഡ് മുന്നോട്ട് പോയത്. ഇതിന് പിന്നാലെയാണ് മയക്കുമരുന്ന് ഇടപാട് നടത്തുന്ന സുഡാന്‍ സ്വദേശിയെ ബാംഗ്ലൂര്‍ യലഹങ്കയില്‍ വെച്ച് പിടികൂടിയത്. ഇയാള്‍ ഇതിനുമുമ്പും പലതവണ വിദേശത്തു നിന്നും വന്‍തോതില്‍ മയക്കുമരുന്ന് കടത്തി, വിതരണം ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. പഠനാവശ്യത്തിനായി 7 വര്‍ഷം മുമ്പാണ് സുഡാനില്‍ നിന്നും ഇയാള്‍ ഇന്ത്യയിലെത്തിയത്. ഇതിനുശേഷം വിസ നടപടിക്രമങ്ങള്‍ ലംഘിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.