കാമുകന്‍ നല്‍കിയ ശീതളപാനീയം കുടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു
1 min read
തിരുവനന്തപുരം: കാമുകന്‍ നല്‍കിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറ് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കേരള തമിഴ്‌നാട് അതിര്‍ത്തിയ്ക്ക് സമീപം തമിഴ്‌നാടിലെ കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടില്‍ സി.അഭിത(19)യാണ് ശനിയാഴ്ച രാത്രി മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ യുവാവിനെതിരെ അഭിതയുടെ അമ്മ തങ്കഭായി നിദ്രവിള പൊലീസിന് പരാതി നല്‍കി.
ഇരുവരും പ്രണയത്തില്‍ ആയിരുന്നുവെന്നും എന്നാല്‍, വിവാഹ വാഗ്ദാനം നല്‍കിയ യുവാവ് പിന്നീട് ഇതില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ അഭിതയെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. അഭിതയും യുവാവുമായി കൂടിക്കാഴ്ച നടത്തിയതിന് അടുത്ത ദിവസം മുതലാണ് യുവതിയ്ക്ക് വയറുവേദന തുടങ്ങിയത്. ഇരുവരും കണ്ടുമുട്ടിയപ്പോള്‍ യുവാവ് അഭിതയ്ക്ക് ശീതള പാനീയം കുടിക്കാന്‍ നല്‍കിയതായി അഭിത വീട്ടുകാരോട് പറഞ്ഞിരുന്നു. യുവാവ്, അഭിതയെ ഒഴിവാക്കാന്‍ വേണ്ടി മനപൂര്‍വ്വം വിഷം കലര്‍ത്തിയ ശീതളപാനീയം നല്‍കുകയായിരുന്നുവെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.
വയറ് വേദന ശക്തമായതിനെ തുടര്‍ന്ന് അഭിതയെ മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, പിന്നീട് വയറ് വേദന കൂടുകയായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ നാലാം തിയതി ആരോഗ്യനില വഷളായപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് അഭിതയെ മാറ്റിയിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുമ്പോഴാണ് അഭിത മരണത്തിന് കീഴടങ്ങിയത്. അഭിതയുടെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തകരാറില്‍ ആയതായാണ് മരണ കാരണം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് നിദ്രവിള പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ കൂടുതല്‍ കര്യങ്ങള്‍ വ്യക്തമാകൂ എന്ന് നിദ്രവിള പൊലീസ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മേല്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.