ജനഹൃദയങ്ങളിൽനിന്നും ചരിത്രത്തിലേക്ക് – അവാർഡുകൾ വാരിക്കൂട്ടി ന്നാ താൻ കേസ് കൊട്
1 min readബഹിഷ്കരണം ഏറ്റില്ല. ജനം ഒഴുകി.. ഒടുവിൽ 7 പുരസ്കാരങ്ങളും
ഇക്കൊല്ലത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ പുരസ്കാരങ്ങൾ വാരിക്കൂട്ടി “ന്നാ താൻ കേസ് കൊട്’. ജനപ്രിയ ചിത്രം, മികച്ച തിരക്കഥ, മികച്ച നടനുള്ള പ്രത്യേക ജൂറി അവാർഡ്, മികച്ച ശബ്ദമിശ്രണം, മികച്ച കലാസംവിധാനം, മികച്ച പശ്ചാത്തല സംഗീതം എന്നിങ്ങനെ 7 പുരസ്കാരങ്ങളാണ് ചിത്രം നേടിയത്.രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ഈ വിജയ ചിത്രത്തിന്റെ സംവിധായകൻ. എസ് ടി കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയും കുഞ്ചാക്കോ ബോബന് പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
രാജീവനെ അവിസ്മരണീയമാക്കിയ കുഞ്ചാക്കോ ബോബന് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രവും ന്നാ താൻ കേസ് കൊട് ആണ്. വളരെ ഗൗരവമുള്ള ഒരു വിഷയം ആക്ഷേപ ഹാസ്യത്തിലൂടെ ജനശ്രദ്ധയിൽ കൊണ്ടു വരികയായിരുന്നു ഈ ചിത്രം. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ അഴിമതിയും ചുവപ്പുനാടകളും എങ്ങനെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്ന് കാണിച്ചു തരുന്നു ‘ന്നാ താൻ കേസ് കൊട്’. കൊഴുമ്മൽ രാജീവൻ എന്ന കള്ളൻ തന്റെ നിരപരാധിത്വം തെളിയിക്കാൻ കോടതിക്കുള്ളിലും പുറത്തും പോരാടുന്ന കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഒരു കുഴി വരുത്തുന്ന പ്രശ്നം കേരളമൊട്ടാകെ ചർച്ചചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയ വിഷയമായി മാറി. സിനിമയുടെ പോസ്റ്റർ തന്നെ കേരളത്തിൽ ഒട്ടേറെ വിവാദങ്ങൾക്ക് കാരണമായി. സിനിമയ്ക്കു നേരെ ബഹിഷ്കരണ ആഹ്വാനങ്ങളും ഉണ്ടായി.
മജിസ്ട്രേറ്റിന്റെ കഥാപാത്രം മികവുറ്റതാക്കിയ പി പി കുഞ്ഞികൃഷ്ണൻ മികച്ച സ്വഭാവനടനുള്ള പുരസ്കാരം നേടി. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ച ഡോൺ വിൻസെന്റ് ആണ് മികച്ച സംഗീത സംവിധായകൻ. ചിത്രത്തിനായി കലാസംവിധാനം ചെയ്ത ജ്യോതിഷ് ശങ്കറും ശബ്ദ മിശ്രണം ചെയ്ത വിപിൻ നായരും പുരസ്കാരത്തിന് അർഹരായി.
ഒട്ടേറെ പുതുമുഖങ്ങൾ ചിത്രത്തിലുണ്ട്. നായികാനായകൻമാർ മുതൽ ചെറിയ കഥാപാത്രങ്ങൾ വരെ സ്വാഭാവികമായ അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.