ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി നൈപുണ്യ വികസന കേന്ദ്രം തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി

1 min read

കോട്ടയം: ഇരുപത്തി മൂന്നാമത് സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന് കോട്ടയത്ത് വര്‍ണാഭമായ തുടക്കം. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ എച്ച്.എസ്. സ്‌കൂളില്‍ നടക്കുന്ന കലോത്സവം പൊതുവിദ്യാഭ്യാസതൊഴില്‍ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി വിദ്യാര്‍ഥികളുടെ നൈപുണ്യവികസനത്തിനായി നൈപുണ്യ വികസന കേന്ദ്രം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം പാങ്ങപ്പാറയിലെ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മെന്റലി ചലഞ്ച്ഡിനെ ഇതിന്റെ അപ്പക്‌സ് സ്ഥാപനമാക്കി ഉയര്‍ത്തും. ഇതിനായുള്ള സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നു. സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നല്‍കുന്നുണ്ട്.

ഈ വര്‍ഷം 45 കോടിയുടെ പാക്കേജാണ് വകയിരുത്തിയിട്ടുള്ളത്. പാക്കേജ് സംബന്ധിച്ച് മാനദണ്ഡങ്ങള്‍ തീരുമാനിക്കാനായി പ്രത്യേക സമിതിയെ തീരുമാനിച്ചു. സ്‌പെഷല്‍ പാക്കേജിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പാക്കേജ് കാലതാമസമില്ലാതെ ലഭ്യമാക്കാനാകും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഭിന്നശേഷി സൗഹൃദമാക്കണം. അതിനുള്ള കരുതല്‍ സര്‍ക്കാരിനുണ്ട്. സ്‌കൂളുകളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. ഭിന്നശേഷിക്കാര്‍ക്ക് ആരോഗ്യകരമായും അന്തസോടെയും ജീവിക്കാനും വരുമാനം നേടാനും അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സഹകരണസാംസ്‌കാരിക വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലോത്സവത്തിന് മറ്റു കലോത്സവങ്ങളേക്കാള്‍ ഏറെ പ്രധാന്യം നല്‍കുന്നുവെന്ന് മന്ത്രി പറഞ്ഞു. തോമസ് ചാഴികാടന്‍ എം.പി. വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു, നഗരസഭാംഗങ്ങളായ സിന്‍സി പാറയില്‍, അഡ്വ. ഷീജ അനില്‍, സാബു മാത്യൂ, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ എം.കെ. ഷൈന്‍ മോന്‍, എസ്.ഐ.ഇ.ടിസിമാറ്റ് ഡയറക്ടര്‍ ബി. അബുരാജ്, ഹയര്‍സെക്കന്‍ഡറി മേഖല ഉപഡയറക്ടര്‍ എം. സന്തോഷ് കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിബു തോമസ്, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍ കുമാര്‍, ഫാ. അനീഷ് എം. ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു കലോത്സവ പതാകയുയര്‍ത്തി. ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി എം.വി. വിസ്മയയുടെ സ്വാഗത ഗാനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വിസ്മയയെ മന്ത്രിമാരും ജനപ്രതിനിധികളും അഭിനന്ദിച്ചു. മന്ത്രി വി. ശിവന്‍കുട്ടി ഉപഹാരം നല്‍കി.

ഒക്‌ടോബര്‍ 22 വരെ നടക്കുന്ന കലോത്സവത്തില്‍ വിവിധ ജില്ലകളില്‍നിന്നുള്ള യു.പി. മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള 1600 ഭിന്നശേഷി വിദ്യാര്‍ഥികള്‍ ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലെ എട്ടു വേദികളിലായി മാറ്റുരയ്ക്കും. ശ്രവണ, കാഴ്ച പരിമിതിയുള്ളവരും ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുമായ കുട്ടികളാണ് പങ്കെടുക്കുക. ശ്രവണ പരിമിതിയുള്ളവര്‍ക്ക് എട്ടു വ്യക്തിഗത ഇനങ്ങളിലും ഏഴു ഗ്രൂപ്പ് ഇനങ്ങളിലും കാഴ്ച പരിമിതിയുള്ളവര്‍ക്ക് അഞ്ചു വിഭാഗങ്ങളിലായി 16 വ്യക്തിഗത ഇനങ്ങളിലുമാണ് മത്സരം. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ആറു വ്യക്തിഗത ഇനങ്ങളും മൂന്നു ഗ്രൂപ്പിനം മത്സരങ്ങളുമാണുള്ളത്. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും താമസസൗകര്യവുമടക്കം ഏര്‍പ്പെടുത്തിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്.

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള മോഹിനിയാട്ടം, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തി ഗാനം, ഉപകരണ സംഗീതം, ചിത്രരചന, പെന്‍സില്‍, ജലഛായം മത്സരങ്ങാളാണ് ഒക്‌ടോബര്‍ 20ന് നടന്നത്. ഇന്ന് ഒക്‌ടോബര്‍ 21 ശ്രവണ പരിമിതിയുള്ളവര്‍ക്കായുള്ള നാടോടിനൃത്തം, സംഘനൃത്തം, ഒപ്പന, മൈം, കാഴ്ച പരിമിതിയുള്ളവര്‍ക്കായുള്ള നാടോടിനൃത്തം, ദേശഭക്തിഗാനം, മിമിക്രി, കഥാപ്രസംഗം, മോണോ ആക്ട്, ലളിതഗാനം,പദ്യം ചൊല്ലല്‍, ഉപകരണ സംഗീതം, ചിത്രരചന, കാര്‍ട്ടൂണ്‍, കഥാരചന, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, ബാന്റ് മേളം എന്നീ മത്സരങ്ങള്‍ നടക്കും. നാളെ ഒക്‌ടോബര്‍ 22 ശ്രവണ പരിമിതിയുള്ളവര്‍ക്കായുള്ള തിരുവാതിര, ചിത്രീകരണം, മോണോ ആക്ട്, ദേശീയഗാനം, പദ്യം ചൊല്ലല്‍, കാഴ്ച പരിമിതിയുള്ളവര്‍ക്കുള്ള സംഘഗാനം, കഥാകഥനം, പ്രസംഗം മത്സരങ്ങള്‍ നടക്കും.

Related posts:

Leave a Reply

Your email address will not be published.