എന്തിനാണ് സമൂസയെ ഇങ്ങനെ കൊല്ലുന്നത്; വ്യത്യസ്തമായ സമൂസയ്ക്ക് വിമര്‍ശനം

1 min read

ഭക്ഷണങ്ങളില്‍ പുതുമകള്‍ പരീക്ഷിക്കുന്നതിനെ ഭക്ഷണപ്രേമികള്‍ എപ്പോഴും സ്വാഗതം ചെയ്യാറുണ്ട്. ഭക്ഷണത്തോടും പാചകത്തോടും പ്രിയമുള്ളവരെല്ലാം ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ ചെയ്തുനോക്കുന്നവരും ആയിരിക്കും.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറെ സജീവമായിട്ടുള്ള ഇക്കാലത്ത് ഫുഡ് വ്‌ളോഗര്‍മാരുടെ തിരക്കാണ് നമുക്ക് കാണാനാകുന്നത്. ഭക്ഷണത്തിലെ പുതുമയുള്ള പരീക്ഷണങ്ങള്‍ക്കെല്ലാമപ്പുറം ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി മാത്രമായി നടത്തുന്ന ഇവരുടെ പല പരീക്ഷണങ്ങളും പക്ഷേ ഭക്ഷണപ്രേമികളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുമുണ്ട്.

അത്തരത്തില്‍ സോഷ്യല്‍ മീഡിയില്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങളേറ്റുവാങ്ങുകയാണ് പുതിയൊരു വിഭവം. ഇത് പൂര്‍ണമായും പുതിയ വിഭവമാണെന്ന് പറയാന്‍ സാധിക്കില്ല. കാരണം നമ്മുടെ സമൂസ തന്നെയാണ് സംഗതി. ഇതിലെ ഫില്ലിംഗിലാണ് പുതുമ.

ഇത് വ്‌ളോഗര്‍മാരുടെയോ മറ്റോ പരീക്ഷണമല്ലതാനും. യുഎസിലെ ഒരു ഗ്രോസറി സ്റ്റോറിലാണ് ഇത് വില്‍പന ചെയ്യപ്പെടുന്നത്. ഇവരുടെ സ്‌പെഷ്യല്‍ എന്ന നിലയ്ക്കാണ് ഈ സമൂസ എത്തിയിരിക്കുന്നത്.

സമൂസയില്‍ വിവിധയിനം പച്ചക്കറികളോ, പരിപ്പ്കടല വര്‍ഗങ്ങളോ, ഇറച്ചിയോ എല്ലാം പല രീതിയില്‍ ഫില്ലിംഗ് ആയി തയ്യാറാക്കി വയ്ക്കാറുണ്ട്. എന്നാലിവിടെ ഇതുവരെ ആരും കേട്ടിട്ടില്ലാത്തൊരു ഫില്ലിംഗ് ആണ് ഈ സമൂസയില്‍ വച്ചിരിക്കുന്നത്. വേറൊന്നുമല്ല, നമ്മുടെ നാടന്‍ വിഭവമായ മത്തന്‍ ആണ് ഇതിന്റെ ഫില്ലിംഗ്.

മത്തന്‍ മസാലയാക്കി ഫില്ലിംഗ് ആക്കി എടുത്തിരിക്കുന്നു. സീസണലായി കിട്ടുന്ന വിഭവങ്ങള്‍ തങ്ങളുടെ സ്‌നാക്‌സ് ആക്കിയെടുക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് റെസ്റ്റോറന്റ് ഇത്തരത്തിലൊരു പരീക്ഷണത്തിന് മുതിര്‍ന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയിയല്‍ ഇതിന് വ്യാപകമായ വിമര്‍ശനമാണ് ലഭിക്കുന്നത്.

എന്തിനാണ് സമൂസയെ ഇങ്ങനെ കൊല്ലുന്നതെന്നും ഇത് വ്യാജവാര്‍ത്ത ആയിരിക്കണമേയെന്നും ഇനിയൊരിക്കലും സമൂസ കഴിക്കാന്‍ തോന്നില്ലേയെന്നുമെല്ലാം ആളുകള്‍ അല്‍പം കാര്യത്തിലും അല്‍പം പരിഹാസത്തിലുമായി പറയുന്നു. അതേസമയം ഈ സമൂസ കേള്‍ക്കുംപോലെ അത്ര ‘ബോര്‍’ ഒന്നുമല്ലെന്നും രുചികരമാണെന്നും വാദിക്കുന്നവരുമുണ്ട്. ഏതായാലും ഇവരുടെ മത്തന്‍ സമൂസ പ്രശസ്തി നേടിയെന്ന് ചുരുക്കിപ്പറയാം.

Related posts:

Leave a Reply

Your email address will not be published.