ഇടുക്കിയില്‍ അച്ഛന്റെ വെട്ടേറ്റ മകന്‍ മരിച്ചു
1 min read
ഇടുക്കി : ഇടുക്കി ചെമ്മണ്ണൂരില്‍ അച്ഛന്റെ വെട്ടേറ്റ മകന്‍ മരിച്ചു. മൂക്കനോലില്‍ ജെനീഷ് (38) ആണ് മരിച്ചത്. മദ്യപിച്ചു വീട്ടിലെത്തി ബഹളം വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ആണ് സംഭവം. ഇന്നലെ രാത്രി ഏഴ് മണിയോട് കൂടിയാണ് സംഭവം ഉണ്ടായത്. മദ്യലഹരിയിലെത്തിയ ജനീഷ് പിതാവിനെയും സ്വന്തം മക്കളെയും മര്‍ദ്ദിച്ചു. മക്കളെ മര്‍ദ്ദിക്കുന്നത് തടയാനായി എത്തിയതായിരിന്നു ജനീഷിന്റെ പിതാവ് തമ്പി. വീട്ടിലുണ്ടായിരുന്ന വാക്കത്തി എടുത്ത് വീശിയപ്പോള്‍ ജനീഷിന്റെ കൈക്ക് വെട്ടേല്‍ക്കുകയായിരുന്നു. ഇയാളെ ഉടന്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
അവിടെ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോട് കൂടിയാണ് ജനീഷ് മരിച്ചത്. ആശുപത്രിയിലേക്ക് പോകും വഴിയും ആശുപത്രിയിലെത്തിയപ്പോഴും ജനീഷ് ഛര്‍ദ്ദിച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ മരണകാരണം വെട്ടേറ്റതാണോ എന്ന് പറയാന്‍ കഴിയില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ ഇത് പറയാനാകൂ. ജനീഷിന്റെ പിതാവ് തമ്പിയെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വെട്ടേറ്റതാണെങ്കില്‍ കൊലപാതകത്തിന് കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു.