പാലക്കാട് KSRTC ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; ഒരാള്‍ പിടിയില്‍; ബൈക്കിന് പിന്നില്‍ ഹോണടിച്ചതാണ് പ്രകോപനമായതെന്ന് പ്രതി
1 min read
പാലക്കാട്: പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറയില്‍ ഡ്രൈവറെ വലിച്ചിറക്കി മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ പിടിയില്‍. കൊഴിഞ്ഞാമ്പാറ സ്വദേശി വിഷ്ണുവാണ് പിടിയിലായത്. കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെഎസ്ആര്‍ടിസി ബസ് ബൈക്കിന് പിറകില്‍ നിന്ന് ഹോണടിച്ചതാണ് പ്രകോപനമെന്ന് വിഷ്ണു പോലീസിനോട് പറഞ്ഞു. കേസില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. ചിറ്റൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ രാധാകൃഷ്ണനാണ് മര്‍ദ്ദനമേറ്റത്.
പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന ബസിന്റെ ഡ്രൈവറായിരുന്നു രാധാകൃഷ്ണന്‍. കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്‍ഡിലേക്ക് ബസ് കയറുന്നതിന് മുമ്പാണ് യുവാക്കളെത്തി രാധാകൃഷ്ണനെ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചത്. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയി. പ്രദേശവാസികള്‍ തന്നെയാണ് പ്രതികളെന്ന് പൊലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു. യുവാക്കളെ മുന്‍പരിചയമില്ലെന്ന് രാധാകൃഷ്ണന്‍ പൊലീസിനെ അറിയിച്ചിരുന്നു.