കുഞ്ഞനുജത്തിയെ ട്രെയിനിന് മുന്നില്‍ നിന്ന് സാഹസികമായി രക്ഷിച്ച് ചേച്ചി പവിത്ര
1 min readആലപ്പുഴ : കുഞ്ഞനുജത്തി മിത്രയെ ട്രെയിനിന് മുന്നില്‍ നിന്ന് സാഹസികമായി രക്ഷിച്ച് ചേച്ചി പവിത്ര. അയല്‍ വീട്ടിലെ ചേച്ചിമാരുടെ നിലവിളിയും തീവണ്ടിയുടെ ഹോണും കേട്ടാണ് 12 വയസ്സുകാരി പവിത്ര പാളത്തിലേക്കു നോക്കിയത്. പാളത്തിലൂടെ നടക്കുന്ന അനുജത്തി മിത്രയെ കണ്ടതോടെ ഒരു നിമിഷം പോലും ആലോചിക്കാതെ പവിത്ര ഓടുകയായിരുന്നു.
അകലെ നിന്ന് തീവണ്ടി പാഞ്ഞടുക്കുന്നതിനിടെ ഒന്നും ചിന്തിക്കാതെ ഓടി പാളത്തില്‍ക്കയറി. അനുജത്തിയെ കെട്ടിപ്പിടിച്ചപ്പോള്‍ ഇരുവരും വീണു. കണ്ടുനിന്നവര്‍ വിളിച്ചുകൂവിയതുകേട്ട് അനുജത്തിയുമായി താഴേക്കുരുണ്ടു. ഈസമയം തീവണ്ടി പാളത്തിലൂടെ കടന്നുപോയിരുന്നു. പുന്നപ്ര കപ്പക്കട പടിഞ്ഞാറ് പനച്ചുവട് ലെവല്‍ക്രോസിന് സമീപം ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
വലിയ തൈപ്പറമ്പുവീട്ടില്‍ സജിമോന്റെയും പ്രവീണയുടെയും മക്കളാണു പവിത്രയും ഏഴുവയസ്സുകാരി മിത്രയും. പാളത്തിനോടു ചേര്‍ന്നാണ് ഇവരുടെ വീട്. എതിര്‍വശത്തുള്ള മറ്റൊരുവീട്ടില്‍ മരണാനന്തരച്ചടങ്ങിന്റെ ഭാഗമായുള്ള പ്രാര്‍ഥനയില്‍ പങ്കെടുക്കാനാണു മിത്ര പാളത്തിലൂടെ നടന്നത്. ഇവരുടെ വീട്ടില്‍നിന്ന് കാണാവുന്ന ദൂരത്തിലാണു മരണവീട്. അമ്മയും അമ്മൂമ്മയുമെല്ലാം വീടിനുമുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു.