ഹരികൃഷ്ണൻസിൽ ചാൻസ് ചോദിച്ച് ഷാരൂഖ് ഖാൻ

1 min read

ഹരികൃഷ്ണൻസിൽ നിന്നും ഷാരൂഖ് ഖാനെ ഒഴിവാക്കിയതിനു കാരണം?

നീണ്ട ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച സിനിമയാണ് ഹരികൃഷ്ണൻസ്. തുല്യ പ്രാധാന്യമുള്ള രണ്ടു നായക കഥാപാത്രങ്ങൾ. ഒരാൾ മറ്റേയാൾക്കു മുകളിലോ താഴെയോ അല്ല. തോളോടു തോൾ ചേർന്നങ്ങനെ നിൽക്കുകയാണ്. അതായിരുന്നു ഹരികൃഷ്ണൻസ്. ഫാസിലിന്റെ സംവിധാനം. നായിക ജൂഹി ചൗള. ഷൂട്ടിംഗ് പുരോഗമിക്കവേ ഒരു ദിവസം ഹരികൃഷ്ണൻസിന്റെ ലൊക്കേഷനിലെത്തി ചാൻസ് ചോദിച്ചു സാക്ഷാൽ ഷാരൂഖ് ഖാൻ. അതേക്കുറിച്ച് ഫാസിൽ തന്നെ വെളിപ്പെടുത്തുന്നു.

ഷൂട്ടിംഗിനിടയിൽ പലർക്കും സീൻ അഭിനയിച്ചു കാണിക്കുമായിരുന്നു ഫാസിൽ. തുടക്കം മുതലേ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട് ജൂഹിചൗള. ഒരു ദിവസം അവർ മമ്മൂട്ടിയോടും മോഹൻലാലിനോടും പറഞ്ഞു ”ഒരുപാട് സംവിധായകരെ കണ്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെ അഭിനയിച്ചു കാണിക്കുന്ന ആരുമില്ല.”  
ആ സമയത്ത് ഒരു സിനിമയുമായി ബന്ധപ്പെട്ട് ഊട്ടിയിലുണ്ടായിരുന്ന ഷാരൂഖ് ഖാനോടും ജൂഹി ഇക്കാര്യം പറഞ്ഞു. അടുത്ത ദിവസം ഷാരൂഖ് ഹരികൃഷ്ണൻസിന്റെ ലൊക്കേഷനിലെത്തി. ”എനിക്ക് ഈ സിനിമയിൽ ഒരു ഷോട്ടെങ്കിലും വേണം. എപ്പോൾ വിളിച്ചാലും വരാം.”

ബോളിവുഡിലെ കിംഗ് ഖാൻ നൽകുന്ന ഓഫറാണ്. എന്തു ചെയ്യും എന്ന പരിഭ്രാന്തിയിലായി സംവിധായകൻ ഫാസിൽ. ഒടുവിൽ അദ്ദേഹം ഒരു വഴി കണ്ടെത്തി. നായികയായ മീരയെ ആർക്ക് കിട്ടും? ഹരിക്കോ, അതോ കൃഷ്ണനോ? ഈ ആകാംക്ഷ നിലനിൽക്കുമ്പോൾ ഷാരൂഖ് വന്ന് മീരയെ സ്വന്തമാക്കുന്നു. ഈ ക്ലൈമാക്‌സ് വെച്ച് ചില സ്റ്റില്ലുകളും എടുത്തു.

അപ്പോഴാണ് മറ്റൊരു പ്രശ്‌നം ഉയർന്നു വരുന്നത്. ഷാരൂഖ് ഖാൻ സിനിമയിലുണ്ടെന്ന വാർത്ത പരക്കുന്നതോടെ ചിത്രത്തിന്റെ ക്ലൈമാക്‌സ് എന്തായിരിക്കുമെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ കഴിയും. അത് ചിത്രത്തിലുള്ള കൗതുകം നശിപ്പിക്കും. അങ്ങനെ ഹരികൃഷ്ണൻസിനെ രക്ഷപ്പെടുത്തുന്നതിനു വേണ്ടിയാണ് ഫാസിൽ ഷാരൂഖിനെ ഒഴിവാക്കിയത്. വനിതയുടെ ഒരഭിമുഖത്തിലാണ് സംവിധായകൻ ഫാസിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

Related posts:

Leave a Reply

Your email address will not be published.