കൊത്ത രാജുവിനെ കൊന്ന കാളിക്കുട്ടിക്ക് ചീത്തവിളി

1 min read

കിങ് ഓഫ് കൊത്തയിൽ കാളിക്കുട്ടിയെ അവതരിപ്പിച്ച നടിക്ക് നേരെ സൈബർ ആക്രമണം

കിങ് ഓഫ് കൊത്തയിൽ കാളിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി സജിത മഠത്തിലിനെതിരെ സൈബർ ആക്രമണം. ദുൽഖർ സൽമാൻ അവതരിപ്പിച്ച കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ചതിനാണ് തനിക്കെതിരെ ചിലർ സാമൂഹ്യമാധ്യമങ്ങളിലൂടെ അസഭ്യം പറയുന്നതെന്ന് സജിത മഠത്തിൽ. ചിത്രം ഒടിടി റിലീസായതിനു പിന്നാലെ കിങ് ഓഫ് കൊത്തയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ നിറയുകയാണ്. അസഭ്യവർഷം പരിധി കടന്നതോടെയാണ് മറുപടിയായി സജിത മഠത്തിൽ ഫെയ്‌സ്ബുക്കിൽ ഇങ്ങനെ കുറിച്ചത്.

”കൊത്ത രാജുവിനെ കൊല്ലാൻ ഒറ്റിക്കൊടുത്ത് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറി പറയാനും പരിഹസിക്കാനും ഇൻബോക്‌സിൽ എത്തുന്നവരുടെ പ്രത്യേകശ്രദ്ധയ്ക്ക്. പ്രസ്തുത വിഷയത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാൽ ഞാൻ വിവരം അറിയിച്ചോളാം. (ഇതെങ്കിലും ഫലിക്കുമായിരിക്കും അല്ലേ? എന്തൊരു കഷ്ടമാണിത്).

കിങ് ഓഫ് കൊത്തയിലെ വില്ലൻ കഥാപാത്രമായ കണ്ണൻഭായിയുടെ അമ്മയുടെ വേഷത്തിലായിരുന്നു സജിത മഠത്തിൽ അഭിനയിച്ചത്.

സജിതയുടെ ഈ കുറിപ്പിനു താഴെ നടിയുടെ അഭിനയത്തെ പ്രകീർത്തിച്ചുകൊണ്ട് ഒട്ടേറെ പ്രതികരണങ്ങൾ വന്നിട്ടുണ്ട്. കാളിക്കുട്ടി അത്രമേൽ ജീവിക്കുകയായിരുന്നു അതാണ് ഇത്തരം പ്രതികരണങ്ങൾക്ക് പിന്നിലെ ഫീലിങ് എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.

കിങ് ഓഫ് കൊത്തയിൽ അഭിനയിച്ച നടൻ പ്രമോദ് വെളിയനാടിനെതിരെയും സമൂഹമാധ്യമങ്ങളിൽ ആക്രമണമുണ്ടായിരുന്നു. റിലീസിനു മുൻപ് സിനിമയെക്കുറിച്ച് പ്രമോദ് പറഞ്ഞ ചില പ്രസ്താവനകൾ അനാവശ്യമായി ചിത്രത്തിന്റെ ഹൈപ്പ് കൂട്ടി എന്ന് ആരോപിച്ചായിരുന്നു ആക്രമണം.

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് കിങ് ഓഫ് കൊത്തയുടെ സംവിധായകൻ. ബിഗ് ബജറ്റിൽ, വലിയ കാൻവാസിൽ ഒരുങ്ങിയ ചിത്രം സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ് നിർമ്മിച്ചത്. ദുൽഖറിനെ കൂടാതെ ഷമ്മി തിലകൻ, ചെമ്പൻ വിനോദ്, പ്രസന്ന, ഗോകുൽ സുരേഷ്, ഷബീർ കല്ലറക്കൽ, വടചെന്നൈ ശരൺ, ഐശ്വര്യലക്ഷ്മി, ലെന, ശാന്തികൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

Related posts:

Leave a Reply

Your email address will not be published.