അമേരിക്ക പരിശീലിപ്പിച്ച അഫ്ഗാന്‍ കമാന്‍ഡോകളെ യുക്രൈന്‍ യുദ്ധത്തിന് റിക്രൂട്ട് ചെയ്യാന്‍ റഷ്യ
1 min read
കഴിഞ്ഞ ഫെബ്രുവരി 24 ന്, വെറും രണ്ടാഴ്ചത്തെ യുദ്ധമെന്ന് യുദ്ധ വിദഗ്ദര്‍ വിധിയെഴുതിയ റഷ്യയുടെ യുക്രൈന്‍ അധിനിവേശം എട്ട് മാസം പിന്നിട്ടിരിക്കുന്നു. യുദ്ധത്തില്‍ റഷ്യ പിടിച്ചെടുത്ത് തങ്ങളടെ ഭാഗമാക്കിയ പല തെക്ക് കിഴക്കന്‍ യുക്രൈന്‍ പ്രദേശങ്ങളും യുക്രൈന്‍ തിരിച്ച് പിടിച്ചു കൊണ്ടിരിക്കുകയാണ്. കരയുദ്ധത്തില്‍ അമ്പേ പരാജയപ്പെട്ട റഷ്യ, ഇറാന്റെ ഡ്രോണുകള്‍ ഉപയോഗിച്ചാണ് യുദ്ധം തുടരുന്നതെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി കഴിഞ്ഞ ആഴ്ചയാണ് പറഞ്ഞത്.
എട്ട് മാസത്തെ യുദ്ധത്തില്‍ റഷ്യയ്ക്ക് ആയുധത്തോടൊപ്പം കനത്ത ആള്‍നാശവും നേരിട്ടിരുന്നു. യുദ്ധത്തില്‍ തങ്ങള്‍ക്കുണ്ടായ നഷ്ടക്കണക്കുകള്‍ പുറത്ത് വിടാന്‍ റഷ്യ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ യുകെയും യുഎസും പുറത്ത് വിട്ട കണക്കുകളില്‍ റഷ്യ വലിയ നാശനഷ്ടം നേരിട്ടെന്ന് ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇതിനിടെയാണ് ഏത് വിധേനയും യുദ്ധം ജയിക്കാനുള്ള റഷ്യയുടെ ശ്രമങ്ങള്‍. റഷ്യ ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കകളും നിലനില്‍ക്കുന്നതിനിടെ മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. അഫ്ഗാനില്‍, അമേരിക്കയും യുകെയും താലിബാനെതിരെ പരിശീലിപ്പിച്ച അഫ്ഗാന്‍ സന്നദ്ധ കമാന്റോകളെ യുക്രൈന്‍ യുദ്ധത്തിലിറക്കാനുള്ള ശ്രമങ്ങളിലാണ് റഷ്യയെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോഴ്‌സ് എന്ന സന്നദ്ധ കമോന്റോകളുടെ രൂപീകരണത്തിന് അമേരിക്ക ഏകദേശം 90 ബില്യണ്‍ ഡോളറാണ് 20 വര്‍ഷത്തിനിടെ ചെലവഴിച്ചത്.
2021 ഓഗസ്റ്റ് 15 ന് അമേരിക്ക അഫ്ഗാനിസ്ഥാന് വിട്ട് പോകുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ 20,000 മുതല്‍ 30,000 വരെ സന്നദ്ധ കമാന്‍ഡോകള്‍ അവശേഷിച്ചിരുന്നു. ഇതില്‍ ഉയര്‍ന്ന ഓഫീസര്‍മാരെ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും കൊണ്ടുപോയപ്പോള്‍ പതിനായിരക്കണക്കിന് കമോന്റോകള്‍ രാജ്യത്ത് അവശേഷിച്ചു. ചിലര്‍ അയല്‍രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി. മറ്റ് ചിലരെ താലിബാന്‍ വേട്ടയാടി കൊലപ്പെടുത്തി. അവശേഷിക്കുന്നവരില്‍ കുറച്ച് പേര്‍ ജയിലുകളിലാണ്. മറ്റുള്ളവര്‍ രാജ്യത്തെ വിദൂര പ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുന്നു.
ഈ സൈനികര്‍ നിലവില്‍ ജോലിയില്ലാത്തവരും നിരാശിതരുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിരവധി കമാന്‍ഡോകള്‍ ഇപ്പോഴും യുഎസിലോ യുകെയിലോ പുനരധിവാസത്തിനായി കാത്തിരിക്കുന്നു. ഇത്തരത്തില്‍ നിരാശിതരായ ഈ സംഘത്തെ യുക്രൈന്‍ യുദ്ധത്തിന് പ്രയോജനപ്പെടുത്താനാണ് റഷ്യന്‍ നീക്കം. എന്നാല്‍ റഷ്യ നേരിട്ടല്ല ഈ സംഘത്തെ ഏറ്റെടുക്കുന്നത്. പകരം, പുടിന്റെ വിശ്വസ്ത സംഘമെന്ന് പാശ്ചാത്യര്‍ പറയുന്ന കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പാണ് ഈ സൈനിക കരാറിന് ശ്രമിക്കുന്നതെന്നും വിദേശ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും താലിബാന്റെ തടവിലുള്ള കമാന്റോകളുമായിട്ടാണ് കരാര്‍.
ഔദ്യോഗികമായി നിലവിലില്ലാത്ത സൈനിക സംഘമാണ് വാഗ്‌നര്‍ ഗ്രൂപ്പ്. എന്നാല്‍, പുടിന്റെ അസോസിയേറ്റ് ആയ യെവ്‌ജെനി പ്രിഗോജിന്‍ ആണ് ഈ സൈനിക സംഘത്തെ നിയന്ത്രിക്കുന്നത്. 2014ല്‍ യുക്രൈയ്‌നില്‍ നിന്ന് റഷ്യ പിടിച്ചടക്കിയതിന് ശേഷം ക്രിമിയയിലാണ് ഈ സൈനിക സംഘം രൂപീകരിക്കപ്പെട്ടത്. സിറിയയിലും ലിബിയയിലും ആഫ്രിക്കയിലെ മറ്റ് ചില രാഷ്ട്രങ്ങളിലും റഷ്യയ്ക്ക് വേണ്ടി പോരാട്ടം നടത്തുന്ന സൈനിക സംഘമാണിത്. നിലവില്‍ യുക്രൈനിലെ റഷ്യന്‍ വിമത പ്രദേശങ്ങള്‍ ഈ സൈനിക സംഘത്തിന്റെ കീഴിലാണ്.
റിക്രൂട്ട്‌മെന്റ് ശ്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അഫ്ഗാനിസ്ഥാന്റെ മുന്‍ സൈനിക, സുരക്ഷാ സര്‍ക്കിളുകളില്‍ ആശങ്കയുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 10,000 മുന്‍ അഫ്ഗാന്‍ കമാന്‍ഡോകള്‍ വരെ റഷ്യയുടെ ഓഫറുകള്‍ക്ക് വിധേയരാകാമെന്ന് ഇവര്‍ ഭയപ്പെടുന്നു. ‘അവര്‍ക്ക് രാജ്യമില്ല, ജോലിയില്ല, ഭാവിയില്ല. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അതിനാല്‍ തന്നെ അത് സാധ്യമാണ്’. എന്നായിരുന്നു ഈ വാര്‍ത്തയോട് ഒരു മുന്‍ സൈനികാംഗം പ്രതികരിച്ചത്. ‘അവര്‍ പാക്കിസ്ഥാനിലോ ഇറാനിലോ ഒരു ദിവസം 3 മുതല്‍ 4 വരെ ഡോളറുകള്‍ അല്ലെങ്കില്‍ തുര്‍ക്കിയില്‍ 10 ഡോളര്‍ വരെയുള്ള ജോലിക്കായി കാത്തിരിക്കുകയാണ്, വാഗ്‌നറോ മറ്റേതെങ്കിലും രഹസ്യാന്വേഷണ വിഭാഗമോ ഇത്തരമൊരാളുടെ അടുത്ത് വന്ന് വീണ്ടും ഒരു പോരാളിയാകാന്‍ 1,000 ഡോളര്‍ വാഗ്ദാനം ചെയ്താല്‍, അവര്‍ നിരസിക്കില്ല.’ അദ്ദേഹം കൂട്ടിചേര്‍ത്തു.
‘മെച്ചപ്പെട്ട ചികിത്സയും നല്ല വിഭവങ്ങള്‍ക്കുമായി റഷ്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും ദയവായി നിങ്ങളുടെ പേരും പിതാവിന്റെ പേരും സൈനിക പദവിയും എനിക്ക് അയച്ചുതരിക. ‘ എന്ന് സന്ദേശങ്ങളില്‍ പറയുന്നു. വാഗ്ദാനം സ്വീകരിക്കുന്നവരോട് അവരുടെ യൂണിറ്റിലെ മറ്റ് അംഗങ്ങളെ കൂടി റിക്രൂട്ട് ചെയ്യാന്‍ സഹായം ചോദിക്കുന്നു. ഇത്തരത്തിലുള്ള റിക്രൂട്ട്‌മെന്റ് ഓഫറുകളില്‍ റഷ്യന്‍ പൗരത്വവും ഉള്‍പ്പെടുന്നുവെന്ന് അഫ്ഗാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.