ടൈറ്റാനിക്ക് സിനിമയിലെ റോസിന്റെ ഓവർകോട്ട് വിൽപനയ്ക്ക്

1 min read

കോട്ടിന് ഒരു ലക്ഷം ഡോളറിലധികം ലഭിക്കുമെന്നാണ് പ്രതീക്ഷ

ഹോളിവുഡ് ചിത്രമായ ടൈറ്റാനിക്കിൽ റോസ് എന്ന കഥാപാത്രം ധരിച്ചിരുന്ന ഓവർകോട്ട് ലേലത്തിന്. 2023 സെപ്റ്റംബർ 13ന് ഓക്ഷൻ കമ്പനിയായ ഗോൾഡിനാണ് വസ്ത്രം ഓൺലൈനിൽ ലേലത്തിന് വയ്ക്കുക.

ഡെബോറ ലിൻ സ്‌കോട്ട് രൂപകൽപന ചെയ്ത ഓവർകോട്ട് നിർമ്മിച്ചിരിക്കുന്നത് വൂളൻ മെറ്റീരിയൽ ഉപയോഗിച്ചാണ്. ആ വർഷത്തെ മികച്ച വസത്രാലങ്കാരത്തിനുള്ള ഓസ്‌കറും ടൈറ്റാനിക്കിന് ഡെബോറ ലിൻ സ്‌കോട്ടിന് ലഭിക്കുകയുണ്ടായി. സ്‌കോട്ടിന്റെ രൂപകൽപനയെ അടിസ്ഥാനമാക്കി ജെ പീറ്റർമാനാണ് കേറ്റിന്റെ കഥാപാത്രമായ റോസിന് വേണ്ടി പിങ്ക് ഓവർകോട്ട് നിർമ്മിച്ചത്. മനോഹരമായ കറുത്ത എംബ്രോയിഡറി വർക്കും ഓവർകോട്ടിൽ ചെയ്തിട്ടുണ്ട്.

സിനിമയിലെ അവസാന രംഗങ്ങളിൽ റോസ് ധരിച്ചിരുന്നത് ഈ പിങ്ക് ഓവർകോട്ടാണ്. സിനിമയിലെ ലിയനാർഡോ ഡികാപ്രിയോ അവതരിപ്പിച്ച ജാക്ക് എന്ന കഥാപാത്രത്തെ രക്ഷിക്കുന്ന രംഗങ്ങളിലാണ് ഈ കോട്ട് കാണാൻ സാധിക്കുക. കപ്പലിലെ ജല കറകളും കോട്ടിന്റെ അകത്തും പുറത്തും പറ്റിപിടിച്ചിട്ടുണ്ടെന്ന് ഓക്ഷൻ ഹൗസ് പറയുന്നു. പഴയ കാലത്തെ ഫാഷനെ സൂചിപ്പിക്കുന്ന കറുത്ത നിറത്തിലുള്ള ഫ്‌ളോറൽ എംബ്രോയിഡറിയാണ് വസ്ത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ഓവർക്കോട്ടിന് ലേലത്തിൽ ഒരു ലക്ഷം ഡോളറിലധികം നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗോൾഡിൻ ഓക്ഷൻ ഹൗസിന്റെ സ്ഥാപകനും സി ഇ ഓയുമായ കെൻ ഗോൾഡിൻ പറയുന്നു. സിനിമകളെ കുറിച്ചുള്ള ഓർമകൾ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരും, പോപ് സംസ്‌കാരവുമായി ബന്ധപ്പെട്ട ശേഖരണങ്ങൾ നടത്തുന്നവരും, ടൈറ്റാനിക്കിന്റെ ആരാധകരും ഓവർകോട്ട് വാങ്ങിക്കുമെന്നാണ് ഗോൾഡിൻ പറയുന്നത്. ടൈറ്റാനിക് എന്ന ഇതിഹാസ ചിത്രത്തിലെ വസ്ത്രമെന്ന പ്രത്യേകതയും കോട്ടിന്റെ മൂല്യം വർദ്ധിപ്പിക്കുമെന്നാണ് അവരുടെ വിശ്വാസം.

ഒരു ലക്ഷം ഡോളറിന് മുകളിൽ വസ്തുക്കൾ വിൽപ്പന ചെയ്തിട്ടുള്ള കമ്പനിയാണ് ഗോൾഡിൻ ഓക്ഷൻ ഹൗസ്. ഗോൾഡിൻ 100 എന്ന് വിളിക്കപ്പെടുന്ന ഈ ലേലത്തിൽ ആളുകളെ ആകർഷിക്കുന്ന മറ്റ് വസ്തുക്കളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.