മുതിരപ്പുഴയുടെ തീരം കാക്കാന്‍ കയര്‍ ഭൂവസ്ത്രം
1 min read
മൂന്നാര്‍: വെള്ളപ്പൊക്കത്തില്‍ മുതിരപ്പുഴയുടെ തീരങ്ങള്‍ തകരാതെ സംരക്ഷിക്കുന്നതിനായി കയര്‍ ഭൂവസ്ത്ര സംവിധാനമൊരുക്കി മൂന്നാര്‍ പഞ്ചായത്ത്. കന്നിയാര്‍, നല്ലതണ്ണിയാര്‍ എന്നീ കൈത്തോടുകളുടെയും മുതിരപ്പുഴയുടെയും ഇരുവശങ്ങളിലുമുള്ള മണ്‍തിട്ടകളിലാണ് വലിയ കയര്‍മാറ്റ് വിരിക്കുന്നത്. കയര്‍മാറ്റ് വിരിച്ച ശേഷം ഇതിന് മുകളില്‍ രാമച്ചം വച്ച് പിടിപ്പിക്കുന്നതാണ് പദ്ധതി.
രാമച്ചത്തിന്റെ വേരുകള്‍ മണ്ണില്‍ ആഴ്ന്നിറങ്ങുന്നതിലൂടെ മഴക്കാലത്തുണ്ടാകുന്ന മണ്ണൊലിപ്പ് തടയാന്‍ കഴിയും. പെരിയവര കവല മുതല്‍ ഹെഡ് വര്‍ക്ക്‌സ് ഡാം വരെയുള്ള ഭാഗങ്ങളിലാണ് ഇത്തരത്തില്‍ കയര്‍ ഭൂവസ്ത്ര സംവിധാനമൊരുക്കി രാമച്ചം നട്ടുപിടിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ടായി 4.75 ലക്ഷം രൂപ ചെലവിട്ട് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ‘സ്മൂത്ത് ഫ്‌ളോ’ പദ്ധതിയുടെ ഭാഗമായി ജലസേചന വകുപ്പ് 6 മാസം മുന്‍പാണ് മുതിരപ്പുഴയിലെ തടസ്സങ്ങള്‍ നീക്കം ചെയ്ത് സ്വഭാവിക ഒഴുക്ക് വീണ്ടെടുത്ത്. പുഴയില്‍ തടസ്സമായി കിടന്നിരുന്ന മണ്ണ് ഇരുവശങ്ങളിലേക്കും നീക്കി ഇരുവശങ്ങളിലും മണ്‍തിട്ട രൂപപ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. കാലവര്‍ഷത്തില്‍ പുഴയിലുണ്ടാകുന്ന കുത്തൊഴുക്കില്‍ മണ്ണ് ഒലിച്ചിറങ്ങാതിരിക്കുന്നതോടൊപ്പം മുതിരപ്പുഴയുടെ സൗന്ദര്യം അതേപടി നിലനിര്‍ത്താനും പഞ്ചായത്ത് പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതി ഗുണകരമാകും.