വിവാഹ വീട്ടിലും മോഷണ ശ്രമം; കൂറ്റനാട് മോഷണ ശ്രമം പതിവാകുന്നുവെന്ന് പരാതി
1 min read
കൂറ്റനാട്: കോതച്ചിറ കൊടവംപറമ്പില്‍ പൂഴിക്കുന്നത് ബാലന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു ബാലന്റെ മകളുടെ വിവാഹം നടന്നത്. കല്യാണ ദിവസമായതിനാല്‍ വീട്ടുകാര്‍ നേരത്ത ഉറങ്ങിയിരിക്കുമെന്ന പ്രതീക്ഷയിലാണ് മോഷ്ടാക്കള്‍ വീട്ടിലെത്തിയതെന്ന് കരുതുന്നു. വീട്ടിലെ വാതിലുകള്‍ കുത്തി തുറന്ന് മോഷ്ടാക്കള്‍ അകത്ത് കടന്നെങ്കിലും കാര്യമായിട്ടൊന്നും കൈക്കലാക്കാന്‍ കഴിഞ്ഞില്ല.
വീട്ടിലുണ്ടായിരുന്ന ഒരു ഗ്രില്ലിന്റെ പൂട്ടുകള്‍ തകര്‍ത്ത മോഷ്ടാക്കള്‍ ഇത് തൊട്ടടുത്ത കിണറില്‍ ഉപേക്ഷിച്ചു. മരത്തിന്റെ വാതിലുകളും ജനലുകളും കുത്തിപ്പൊളിച്ച് കേടുവരുത്തിയ നിലയിലാണ്. മോഷണ സംഘത്തില്‍ ഒന്നിലധികം പേര്‍ ഉള്ളതായി സംശയിക്കുന്നു. കാര്യമായതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ രണ്ടരയോടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ കള്ളന്മാര്‍ ഓടി മറയുന്നത് ശ്രദ്ധയില്‍പ്പെട്ടു.
രാത്രി തന്നെ ചാലിശ്ശേരി പൊലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തു. പൂട്ട് പൊളിച്ചതും, മറ്റ് നാശങ്ങള്‍ വരുത്തിയതും പൊലീസ് രേഖപ്പെടുത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. വാവനൂര്‍, ഒറ്റപ്പിലാവ്, കപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇതേ മാതൃകയില്‍ മുമ്പ് മോഷണശ്രമം നടന്നിരുന്നു. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മാത്രമാണ് ഇവിടങ്ങളിലെല്ലാം മോഷ്ടാക്കളുടെ ശ്രമം വിഫലമായത്. കള്ളന്മാരെ ഭയന്ന് ഭീതിയോടെ കഴിയേണ്ട സ്ഥിതിയാണുള്ളതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കള്ളന്മാരുടെ ശ്രല്യം കൂടിയതോടെ പൊലീസ് ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.