ലോകേഷ് വിജയ് ചിത്രത്തില്‍ മാത്യു തോമസും; ‘ദളപതി 67’ന് ഡിസംബറില്‍ ആരംഭം
1 min read
തമിഴകത്തിന്റെ ഹിറ്റ് കോമ്പോയായ ലോകേഷ് കനകരാജ്‌വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദളപതി 67’. മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകളെല്ലാം തന്നെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ മലയാളികളുടെ യുവതാരം മാത്യു തോമസ് അഭിനയിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.
‘ദളപതി 67’ല്‍ സുപ്രധാനമായ കഥാപാത്രത്തെയാകും മാത്യു അവതരിപ്പിക്കുക എന്നാണ് വിവരം. കുമ്പളങ്ങി നൈറ്റ്‌സ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു തോമസ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ളൈ ആയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ദളപതി 67ന് ഉണ്ട്. സംവിധായകന്‍ മിഷ്‌കിന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തൃഷയാണ് വിജയിയുടെ നായികയായി എത്തുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധാനം.
ഒരു ഗാംഗ്സ്റ്റര്‍ ഡ്രാമയായിരിക്കും വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുക. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്.