വൈപ്പിനിലെ സിഐടിയു തൊഴിലാളികളുടെ കൊലവിളി, ഉടമയെ ഭീഷണിപ്പെടുത്തിയെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട്
1 min read
കൊച്ചി : വൈപ്പിനിലെ സിഐടിയു തൊഴിലാളികളുടെ കൊലവിളിയില്‍ ജില്ലാ വ്യവസായ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. സിഐടിയു നേതാവ് അനില്‍ കുമാര്‍ സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉടമ വഴങ്ങാതെ വന്നതോടെയാണ് ഇവര്‍ ഗോഡൗണിന് മുന്നില്‍ സംഘര്‍ഷമുണ്ടാക്കിയത്. സ്ഥാപന ഉടമയുടെ ഭര്‍ത്താവിനെ സിഐടിയു തൊഴിലാളികള്‍ കയ്യേറ്റം ചെയ്തെന്നും വ്യവസായ മന്ത്രിയുടെ ഓഫീസിന് നല്കിയ റിപ്പോര്‍ട്ടിലുണ്ട്.
അഞ്ച് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടുളള പ്രതിഷേധത്തിനിടയിലാണ് സിഐടിയു നേതാക്കള്‍ വനിത സംരംഭകയ്ക്ക് നേരെ കൊലവിളി നടത്തിയത്. ഇതില്‍ സിഐടിയു നേതാവ് അനില്‍ കുമാറടക്കം ഏഴ് പേര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. ഭര്‍ത്താവിനെ മര്‍ദ്ദിച്ചെന്നും ഗ്യാസ് ഏജന്‍സി ഉടമ ഉമ സുധീര്‍ പരാതിയിലുണ്ട്. സംഭവത്തില്‍ പട്ടികജാതിപട്ടിക വര്‍ഗ കമ്മീഷനും പൊലീസിനോട് റിപ്പോര്‍ട്ട് തേടി. സിഐടിയു ഉപരോധ സമരം തുടരുന്ന സാഹചര്യത്തില്‍ ഗ്യാസ് ഏജന്‍സിയ്ക്ക് പൊലീസ് സംരംക്ഷണം തേടി ഉടമ ഹൈക്കോടതിയെ സമീപിച്ചു.