വിലക്കയറ്റം രൂക്ഷം: റിസര്‍വ് ബാങ്ക് വീണ്ടും അടിയന്തിര പണ നയ യോഗം വിളിച്ചു
1 min read
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ നയ കമ്മിറ്റി വീണ്ടും യോഗം ചേരും. വിലക്കയറ്റത്തിന്റെ തോത് പ്രതീക്ഷിച്ചതിലും ഉയര്‍ന്നതോടെയാണ് വീണ്ടും യോഗം വിളിച്ചു ചേര്‍ക്കുന്നത്. നവംബര്‍ മൂന്നിനാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
വിലക്കയറ്റം പ്രതീക്ഷിച്ചതിലും രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് റിസര്‍വ് ബാങ്കിന്റെ പ്രതികരണം ഈ യോഗത്തില്‍ വ്യക്തമാകും. വിലക്കയറ്റം പ്രതീക്ഷിച്ചതിലും ഉയരുന്ന സാഹചര്യത്തില്‍, റിസര്‍വ്ബാങ്ക് യോഗം ചേര്‍ന്ന് ഇതിനുള്ള കാരണങ്ങളും പരിഹാരങ്ങളും വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ എടുത്തേക്കാവുന്ന സമയവും ഒരു റിപ്പോര്‍ട്ട് വഴി കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം എന്നാണ് നിലവിലെ ചട്ടം.
സെപ്റ്റംബര്‍ 30 നായിരുന്നു ധന നയ യോഗം ചേര്‍ന്നിട്ടുണ്ടായിരുന്നത്. അടുത്ത യോഗം ഡിസംബര്‍ 5 നും 7 നും ഇടയിലായിരുന്നു നടക്കേണ്ടിയിരുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗം നവംബര്‍ 2 നാണു നടക്കുക. ഇതിനു ശേഷമാണു ആര്‍ബിഐ അടിയന്തിര യോഗം ചേരുക
ഇക്കഴിഞ്ഞ ഒക്ള്‍ടോബര്‍ 12ന് പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ മാസത്തിലെ ഇന്ത്യയിലെ റീട്ടെയില്‍ പണപ്പെരുപ്പം 7.41 ശതമാനമാണ്. രണ്ട് ശതമാനം മുതല്‍ ആറു ശതമാനത്തിനുള്ളില്‍ വരെ വിലക്കയറ്റത്തിന്റെ തോത് പിടിച്ചു നിര്‍ത്തണം എന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ പണ നയ കമ്മിറ്റി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഭക്ഷ്യവിലക്കയറ്റം ആണ് പണപ്പെരുപ്പം ഉയരാനുള്ള കാരണം. അഞ്ച് മാസത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണ് പണപ്പെരുപ്പത്തില്‍ ഉണ്ടായിരിക്കുന്നത് എന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ ഭക്ഷ്യവിലകയറ്റം ഓഗസ്റ്റിലെ 7.62 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 8.60 ശതമാനമായി ഉയര്‍ന്നു. ഇതോടെ ആര്‍ബിഐ നിരക്കുകള്‍ ഉയര്‍ത്താനുള്ള സാധ്യത ഉയര്‍ന്നു. റിപ്പോ ഉയരുന്നതോടെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ മേഖല ബാങ്കുകള്‍ നിക്ഷേപ, വായ്പാ പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കും.