കോണ്‍ഗ്രസില്‍ അഴിച്ചുപണി; രമേശ് ചെന്നിത്തല എഐസിസി ജനറല്‍ സെക്രട്ടറിയായേക്കും
1 min read
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയാണ് ചെന്നിത്തലയെ പരിഗണിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ എ ഐ സി സി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എ ഐ സി സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസില്‍ പുനസംഘടന നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് രമേശ് ചെന്നിത്തലയ്ക്ക് നിര്‍ണായക സ്ഥാനം നല്കാന് ഹൈക്കമാന്റ് ആലോചിക്കുന്നത്. ഹിന്ദി ഭാഷയിലെ അദ്ദേഹത്തിന്റെ പ്രാവീണ്യം ദേശീയ തലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സഹായകമാകും എന്നാണ് എ ഐ സി സി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. നിലവില്‍ ഗുജറാത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി ചുമതല രമേശ് ചെന്നിത്തലക്കാണ് ഇതിന് മുന്‍പ് പലപ്പോഴായി 20 ഓളം സംസ്ഥാനങ്ങളുടെ ചുമതല രമേശ് ചെന്നിത്തല നിര്‍വഹിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരിചയസമ്പന്നരുടെ പട്ടികയിലാണ് രമേശ് ചെന്നിത്തലയെ എ ഐ സി സി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രിയങ്ക ഗാന്ധി, അജയ് മാക്കന്, അവിനാഷ് പാണ്ഡ, ജയറാം രമേഷ്, കെ സി വേണുഗോപാല്‍, ജിതേന്ദ്ര സിംഗ്, മുകുള്‍ വാസ്നിക്ക്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, താരിഖ് അന്‍വര്‍ എന്നിവരാണ് ഉമ്മന്‍ചാണ്ടിയെ കൂടാതെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള മറ്റുള്ളവര്‍. കേരളത്തിലെ കെ പി സി സിയെ ദീര്‍ഘകാലം നയിച്ച രമേശ് ചെന്നിത്തല ഐ ഗ്രൂപ്പിന്റെ നേതാവാണ് . കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ എസ് യുവിലൂടെ ആണ് രമേശ് ചെന്നിത്തല പൊതുജീവിതം ആരംഭിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ പാര്‍ലമെന്ററി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം പ്രായം കുറഞ്ഞ എം പി, മന്ത്രി എന്നീ നേട്ടങ്ങളും കൈവരിച്ചു. 1980-1985 കാലഘട്ടത്തില്‍ കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, എന്‍ എസ് യു ഐ ദേശീയ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
1982 ല്‍ ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് ആദ്യമായി എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. പിന്നീട് 1986 ല്‍ കെ. കരുണാകരന് മന്ത്രിസഭയിലെ അംഗമായി. അന്ന് 30 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. 1991-ലും 1996-ലും വീണ്ടും കോട്ടയത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചു. 1999 ല്‍ മാവേലിക്കരയില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2005 മുതല്‍ 2014 വരെ കെ പി സി സി അധ്യക്ഷനായിരുന്നു. 2014 ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി. 2016 മുതല്‍ 2021 വരെ പ്രതിപക്ഷ നേതാവായിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് വി ഡി സതീശനെ പാര്‍ട്ടി പ്രതിപക്ഷ നേതാവാക്കി.