നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു
1 min read
തെന്നിന്ത്യന്‍ നടി രംഭ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. രംഭയും കാറില്‍ ഒപ്പമുണ്ടായിരുന്ന കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. മൂത്ത മകള്‍ സാഷ്‌യ്ക്ക് പരുക്കേറ്റിട്ടുണ്ട്. രംഭ തന്നെയാണ് കാര്‍ അപകടത്തില്‍ പെട്ട കാര്യം അറിയിച്ചത്.
സ്‌കൂളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുമ്പോള്‍ ഞങ്ങളുടെ കാറിനെ മറ്റൊരു കാര്‍ ഇടിച്ചു. ഞാനും കുട്ടികളും മുത്തശ്ശിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു, എന്റെ കുഞ്ഞ് സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശം ദിവസവും മോശം സമയവും. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കൂ. നിങ്ങളുടെ പ്രാര്‍ഥന ഞങ്ങള്‍ക്ക് വലിയ കാര്യമാണ് എന്നും രംഭ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. കാനഡയില്‍ വെച്ച് അപകടത്തില്‍ പെട്ട കാറിന്റെയും ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മകളുടെയും ഫോട്ടോകളും രംഭ പങ്കുവെച്ചിട്ടുണ്ട്.
ഒരുകാലത്ത് ഭാഷാഭേദമന്യേ മിന്നിത്തിളങ്ങിയ നടിയാണ് രംഭ. ‘സര്‍ഗം’ എന്ന മലയാള ചിത്രത്തില്‍ വിനീതിന്റെ നായികയായിട്ടാണ് രംഭ വെള്ളിത്തിരയിലെത്തുന്നത്. ‘സര്‍ഗ്ഗം’ റിലീസായ 1992ല്‍ തന്നെ ‘ആ ഒക്കടി അഡക്കു’ എന്ന സിനിമയിലൂടെ തെലുങ്കിലുമെത്തി. തുടര്‍ന്നങ്ങോട്ട് ‘ചമ്പക്കുളം തച്ചന്‍’, ‘സിദ്ധാര്‍ഥ’, ‘ക്രോണിക് ബാച്ചിലര്‍’, ‘ഉള്ളത്തൈ അള്ളിത്ത’, ‘സെങ്കോട്ടൈ’, ‘വിഐപി’ തുടങ്ങി ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി മാറി രംഭ.
മലയാലത്തിലും തെലുങ്കിലും ഹിന്ദിയിലും കന്നഡയിലുമൊക്കെ വിജയ നായികയായ രംഭ 2010ല്‍ ഇന്ദ്രകുമാര്‍ പത്മനാതനുമായി വിവാഹിതയായി. മമ്മൂട്ടി, രജനികാന്ത്, അജിത്ത്, വിജയ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച രംഭ വിവാഹം കഴിഞ്ഞതിന് ശേഷമാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ഇന്ദ്രകുമാര്‍ പത്മനാതന്‍ രംഭ ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് ഉള്ളത്. വ്യവസായിയായ ഭര്‍ത്താവ് ഇന്ദ്രകുമാര്‍ പത്മനാതനും മക്കള്‍ക്കുമൊപ്പം ടൊറന്റോയലാണ് രംഭ ഇപ്പോള്‍ താമസിക്കുന്നത്.