സംഘടന വിഷയങ്ങള്‍ പുതിയ അദ്ധ്യക്ഷന്‍ ഖര്‍ഗെക്ക് വിട്ട് രാഹുല്‍ഗാന്ധി,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലുമില്ല

1 min read

മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ അധ്യക്ഷനായതോടെ സംഘടന വിഷയങ്ങളില്‍ നിന്നകന്ന് രാഹുല്‍ ഗാന്ധി. കൂടിക്കാഴ്ചക്കുള്ള രാജസ്ഥാന്‍ ഛത്തീസ് ഘട്ട് മുഖ്യമന്ത്രിമാരുടെ ക്ഷണം രാഹുല്‍ തള്ളി. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളില്‍ നിന്നും വിട്ടു നിന്നു. സംഘടന കാര്യങ്ങളില്‍ അധ്യക്ഷന് പൂര്‍ണ്ണ ചുമതലയെന്നാണ് രാഹുലിന്റെ നിലപാട്. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ അധ്യക്ഷനായെങ്കിലും പാര്ട്ടിയുടെ കടിഞ്ഞാണ്‍ ഗാന്ധി കുടുംബത്തിലായിരിക്കുമെന്ന ആക്ഷേപത്തെ മറികടക്കാനാണ് തന്റെ റോള്‍ ഖര്‍ഗെ നിശ്ചയിക്കുമെന്ന് രാഹുല്‍ ഗാന്ധി ഒരു മുഴം മുന്‍പേ എറിഞ്ഞത്. ഖര്‍ഗെ ചുമതലയേറ്റെ ശേഷവും ചില നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങള് സംഘടന വിഷയങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും മാറി നില്‍ക്കാന്‍ രാഹുലിനെ പ്രേരിപ്പിക്കുകയാണ്.

മോദിക്ക് എതിരാളി രാഹുല്‍ മാത്രമാണെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ പ്രതികരണവും , രാഹുലാണ് നേതാവെന്ന സിദ്ദരാമയ്യയുടെ ഒളിയമ്പും പാര്‍ട്ടിക്കുള്ളില്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. സച്ചിന്‍ പൈലറ്റുമായുള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ അശോക് ഗലോട്ടും, ഛത്തീസ്ഘട്ട് ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദേവ് ഉയര്‍ത്തുന്ന വെല്ലുവിളി ബോധ്യപ്പെടുത്താന്‍ ഭൂപേഷ് ബാഗലേും രാഹുലിനോട് സമയം ചോദിച്ചിരുന്നു.എന്നാല്‍ ഖര്‍ഗയോട് സംസാരിക്കാനാണ് രാഹുല്‍ നിര്‍ദ്ദേശിച്ചത്.

ഗുജറാത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ഖര്‍ഗെ തന്നെ കാര്യങ്ങള്‍ തീരുമാനിക്കട്ടേയെന്നാണ് രാഹുല്‍ നിലപാടെടുത്തത്.സംഘടന വിഷയങ്ങളില്‍ നേരത്തെ സോണിയയും രാഹുലും പ്രിയങ്കയും ഇടപെട്ടിരുന്നു. രാഹുല്‍ പിന്നാക്കം മാറുന്ന സാഹചര്യത്തില്‍ സോണിയയും പ്രിയങ്കയും അകലം പാലിക്കാനാണ് സാധ്യത. സംഘടന വിഷയങ്ങള്‍ ഖര്‍ഗെ ശ്രദ്ധിക്കുകയും, പാര്‍ട്ടിയുടെ മുഖവും,പ്രചാരണ ചുമതലയും രാഹുലിലേക്ക് മാറ്റാനുമാണ് നീക്കം നടക്കുന്നത്. ബിജെപിയിലേതിന് സമാനമായി ജെ പി നദ്ദ മോദി മോഡല്‍ ക്രമീകരണം ഗുണം ചെയ്യുമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് തന്ത്ര!ജ്ഞന്‍ പ്രശാന്ത് കിഷോറും കോണ്‍ഗ്രസിനെ ഉപദേശിച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.