റഹ്മാന്റെ തിരിച്ചുവരവ്; പ്രേക്ഷകശ്രദ്ധയാകർഷിച്ച് സമാറ

1 min read

സയൻസും കുറ്റാന്വേഷണവും ഇഴചേർന്ന ത്രില്ലർമൂവിയാണ് സമാറ

സമാറ ഒരു കുറ്റാന്വേഷണ ചിത്രമാണ്. ശാസ്ത്രത്തിനു തന്നെ ഭീഷണിയായ ഒരു രോഗം പടർത്തുന്ന വൈറസുകളെ അതിജീവിക്കാൻ ശ്രമിക്കുന്ന സമൂഹം ഒരുഭാഗത്ത്.  ആ വൈറസുകളെ കൂട്ടുപിടിച്ച് ലോകം നശിപ്പിക്കാൻ ഒരുങ്ങുന്ന കുറെയധികം ആളുകൾ മറുഭാഗത്തും. ഇവ രണ്ടും ഒന്നിച്ചാൽ എന്തു സംഭവിക്കും. ആനുകാലികപ്രസക്തിയുള്ള ഒരു വിഷയം അവതരിപ്പിച്ച് പ്രേക്ഷകനെ പിടിച്ചിരുത്താൻ സമാറയ്ക്ക് കഴിഞ്ഞിരിക്കുന്നു.

ആർമിയിലെ ഡോക്ടറാണ് അലൻ. ഒരു ബോംബാക്രമണത്തിൽ ശരീരമാകെ മുറിവേറ്റ് അയാളുടെ സൗന്ദര്യം നഷ്ടപ്പെടുകയും ഭാര്യ ഉപേക്ഷിച്ചു പോകുകയും ചെയ്യുന്നു. തുടർന്നുള്ള അലന്റെ ജീവിതവും അയാൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് സിനിമയുടെ തുടക്കം. ഹിമാലയൻ താഴ് വരയിൽ നടക്കുന്ന രണ്ടു കൊലപാതകങ്ങൾ അന്വേഷിക്കാനെത്തുന്നു ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം. അവരോടൊപ്പം ചേരുകയാണ് ഡോക്ടർമാരായ അലനും സക്കീറും. അതോടെ ചിത്രം പുതിയൊരു വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.

പൊലീസ് ഓഫീസർ ആന്റണിയായി വേഷമിടുന്നത് റഹ്മാനാണ്.  നാലുവർഷത്തിനു ശേഷം മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്  റഹ്മാൻ ഈ ചിത്രത്തിലൂടെ. പ്രമേയത്തിലും നിർമ്മാണത്തിലും വ്യത്യസ്തത പുലർത്തുന്നു സമാറ. ആഗോള പ്രസക്തിയുള്ള വിഷയത്തെ ഗംഭീരമായി അവതരിപ്പിക്കാൻ സംവിധാകന് കഴിഞ്ഞു.  നവാഗതനായ ചാൾസ് ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്.

കാശ്മീരിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമ നല്ലൊരു കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. അക്കാര്യത്തിൽ ഛായാഗ്രാഹകനായ സിനു സിദ്ധാർത്ഥിന് അഭിമാനിക്കാം. ഗോപിസുന്ദറിന്റെ സംഗീതവും ശ്രദ്ധിക്കപ്പെട്ടു. കുറ്റാന്വേഷണം ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒന്നാന്തരം ചിത്രമാണ് സമാറ എന്നതിൽ തർക്കമൊന്നുമില്ല.  

Related posts:

Leave a Reply

Your email address will not be published.