കാമുകനെ അലമാരയിൽ ഒളിപ്പിച്ച നടി

1 min read

തന്റെ ആദ്യ കാല പ്രണയം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

തന്റെ കാമുകനെ അലമാരയിൽ ഒളിപ്പിച്ച സംഭവത്തെക്കുറിച്ച് ഒരിക്കൽ വെളിപ്പെടുത്തുകയുണ്ടായി പ്രിയങ്ക ചോപ്ര. അവർ ജനിച്ചു വളർന്നത് ഇന്ത്യയിലായിരുന്നെങ്കിലും ഹൈസ്കൂൾ പഠനമൊക്കെ അമേരിക്കയിൽ ആയിരുന്നു. ഈ സമയത്ത് ആന്റിയുടെ കൂടെയായിരുന്നു പ്രിയങ്കയുടെ താമസം.

ഒരുപാട് വിലക്കുകളുള്ള കാലമായിരുന്നു അതെന്നും പ്രിയങ്ക ഓർക്കുന്നു. ബോയ്ഫ്രണ്ടിനു പോലും വിലക്കായിരുന്നു. എന്നിട്ടും ബോബ് എന്നൊരു പയ്യനുമായി അടുപ്പത്തിലായി പ്രിയങ്ക . വളരെ രഹസ്യമായിട്ടായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. പ്രിയങ്കയുടെ സഹോദരിക്കും ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. അവരുടെ സഹായത്തോടെയാണ് ബോബ് പ്രിയങ്കയ്ക്ക് ഫോൺ ചെയ്തിരുന്നത്.

ഒരിക്കൽ ആന്റി വീട്ടിലില്ലാത്ത സമയം നോക്കി പ്രിയങ്ക ബോബിനെ വീട്ടിലേക്കു വിളിച്ചു വരുത്തി. രണ്ടു പേരും ഒരുമിച്ചിരുന്ന് സിനിമയൊക്കെ കണ്ടു. പരസ്പരം ചുംബിക്കാൻ ഒരുങ്ങുമ്പോഴാണ് ആന്റി തിരിച്ചു വരുന്നത്. ആന്റി വരുന്നത് കണ്ടതോടെ ഭയന്നു പോയി പ്രിയങ്കയും ബോബും . ആകെ അങ്കലാപ്പായി. പെട്ടെന്നാണ് പ്രിയങ്കയ്ക്ക് ഒരു ബുദ്ധി ഉദിച്ചത്. അവൾ വീട്ടിനകത്തെ അലമാരയിൽ കാമുകനെ ഒളിപ്പിച്ചു. ശേഷം പഠിക്കുന്നതു പോലെയിരുന്നു.

തിരിച്ചു വന്ന ആന്റി കാണുന്നത് പുസ്തകം വായിച്ചു കൊണ്ടിരിക്കുന്ന പ്രിയങ്കയെയാണ്. എന്നാൽ ബോബിന്റെ പെർഫ്യൂമിന്റെ മണം തിരിച്ചറിഞ്ഞു ആന്റി. അവർ അലമാര തുറക്കാൻ ആവശ്യപ്പെട്ടു. പേടിച്ചു വിറയ്ക്കുകയായിരുന്നു പ്രിയങ്ക . നേരെ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥ. കലി തുള്ളുകയാണ് ആന്റി . ഇത്ര ദേഷ്യപ്പെട്ട് ആന്റിയെ ഇതിനു മുൻപ് കണ്ടിട്ടേയില്ലെന്നാണ് പ്രിയങ്ക പറയുന്നത്.

പ്രിയങ്ക അലമാരയുടെ വാതിൽ തുറന്നു. അതിനകത്തൊരു പയ്യൻ. ആകെ പ്രശ്നമായി. അതോടെ ആന്റിയുടെ വീട്ടിലെ പൊറുതിയും അവസാനിച്ചു. മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് പ്രിയങ്കയെ മാറ്റി.

അതിനു ശേഷവും കുറച്ചു നാൾ ഇരുവരും കമിതാക്കളായി തന്നെ തുടർന്നു എന്നാണ് പ്രിയങ്ക പറയുന്നത്. പക്ഷേ പിന്നീട് ബോബ് തന്റെ ആത്മാർത്ഥ സുഹൃത്തുമായി അടുപ്പത്തിലാണെന്ന് പ്രിയങ്ക അറിഞ്ഞു. അതോടെ ബോബുമായുള്ള പ്രണയം താൻ അവസാനിപ്പിക്കുകയായിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്.

Related posts:

Leave a Reply

Your email address will not be published.