രാഷ്ട്രപിതാവിനെ വണങ്ങി ദേശീയ പാതകയെ നമസ്‌ക്കരിച്ച് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

1 min read

ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡ് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ട് വര്‍ഷമാണ് അദ്ദേഹത്തിന്റെ കാലാവധി. അതേ സമയം ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാന്നിധ്യം ചര്‍ച്ചയായിരിക്കുകയാണ്.

പിതാവ് വൈ വി ചന്ദ്രചൂഡിന്റെ പാത പിന്‍തുടര്‍ന്ന് ഒടുവില്‍ പരമോന്നത നീതീപീഠത്തിന്റെ കാവാലാളായി ധനഞ്ജയ് യശ്വന്ത ചന്ദ്രചൂഡ് എന്ന ഡി വൈ ചന്ദ്രചൂഡ്. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, ലോക്ശഭാ സ്പീക്കര്‍, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുത്തു. ചടങ്ങ് കാണാന്‍ ചന്ദ്രചൂഡിന്റെ അമ്മയുള്‍പ്പെടെ കുടുംബാംഗങ്ങള്‍ രാഷ്ട്രപതി ഭവനില്‍ എത്തിയിരുന്നു. ചടങ്ങിന് പിന്നാലെ സുപ്രീം കോടതിയിലെ ഗാന്ധിപ്രതിമയില്‍ മാലചാര്‍ത്തിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തി ഫയലുകളില്‍ ഒപ്പിട്ടു.

ഒന്നാം നമ്പര്‍ കോടതിയില്‍ ചീഫ് ജസ്റ്റിസായി അദ്ദേഹം ആദ്യം പരിഗണിച്ചത് ഫുട്‌ബോള്‍ ഫെഡറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയായിരുന്നു. ജസ്റ്റിസുമാരായ ഹിമാ കോഹ്ലി, ജെ ബി പര്‍ടിവാലാ എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. 2024 നവംബര്‍ പത്ത് വരെയാണ് ചിഫ് ജസ്റ്റിസ് പദവിയില്‍ ചന്ദ്രചൂഡിന്റെ കാലാവധി. അതെസമയം സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭാവം വലിയ ചര്‍ച്ചയായി കഴിഞ്ഞു.

സാധാരണ ചീഫ് ജസ്റ്റിസ് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ പങ്കെടുക്കുകയാണ് പതിവ്. എന്നാല്‍ ഹിമാചല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആയിരുന്നതിനാലാണ് പ്രധാനമന്ത്രി പങ്കെടുക്കാത്തെന്നാണ് വിശദീകരണം. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കേന്ദ്രവും കൊളീജീയവും തമ്മില്‍ ശീതസമരം തുടരുന്നതിനിടെ നടന്ന ചീഫ് ജസ്റ്റിസിന്റെ അധികാരമേറ്റെടുക്കല്‍ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ അഭാവം ചര്‍ച്ചയാകുന്നത്.

Related posts:

Leave a Reply

Your email address will not be published.