പ്രതാപ് പോത്തന്റെ അവസാന കഥാപാത്രം; ‘ഡേവിസി’നെ പരിചയപ്പെടുത്തി നിവിന്‍ പോളി
1 min read
സിനിമാലോകത്തിന്റെ ഈ വര്‍ഷത്തെ നഷ്ടങ്ങളില്‍ ഒന്നായിരുന്നു നടനും സംവിധായകനുമെന്ന നിലയില്‍ വ്യക്തമുദ്ര പതിപ്പിച്ച പ്രതാപ് പോത്തന്റെ വിയോഗം. ജൂലൈ 15 ന് ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അവസാന സമയം വരെ ചലച്ചിത്ര മേഖലയില്‍ സജീവമായിരുന്ന പ്രതാപ് അവസാനം അഭിനയിച്ചത് നിവിന്‍ പോളിക്ക് ഒപ്പമായിരുന്നു. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡേ നൈറ്റ് ആയിരുന്നു ചിത്രം. പ്രതാപ് പോത്തന്റെ മരണത്തിന് രണ്ട് ദിവസം മുന്‍പാണ് ഈ സിനിമയുടെ ചിത്രീകരണം അവസാനിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പ്രതാപ് പോത്തന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍.
ഡേവിസ് എന്നാണ് സാറ്റര്‍ഡേ നൈറ്റില്‍ പ്രതാപ് പോത്തന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നിവിന്‍ പോളി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ അച്ഛനാണ് ഇത്. പ്രതാപ് പോത്തന്റെ വിയോഗ വേളയില്‍ റോഷന് ആന്‍ഡ്രൂസ് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചിരുന്നു ‘സാര്‍, നമ്മള് സംസാരിക്കുകയും ചിത്രീകരണം ആസ്വദിക്കുകയും ചെയ്!തു. ഒരാഴ്ചയ്ക്കുള്ളില്‍ അങ്ങ് ഞങ്ങളെ വിട്ടുപോയിരിക്കുന്നു. നിവിന്റെ അച്ഛന് കഥാപാത്രം ഡേവിസിനെ അവതരിപ്പിച്ചതിന് നന്ദി. അങ്ങ് പറഞ്ഞതുപോലെ അങ്ങയുടെ പേര് ഞാന്‍ സിനിമയുടെ തുടക്കത്തില്‍ എഴുതി കാണിക്കും, പക്ഷേ.. ആദരാഞ്ജലികള്‍..’
അതേസമയം സിനിമയുടെ റിലീസ് നവംബര്‍ 4 ന് ആണ്. പുത്തന്‍ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ആഘോഷചിത്രമാണ് ഇത്. കായംകുളം കൊച്ചുണ്ണി എന്ന വിജയ ചിത്രത്തിനു ശേഷം റോഷന് ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. സ്റ്റാന്‍ലി എന്നാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നവീന്‍ ഭാസ്കറിന്റേതാണ് രചന. കോമഡി എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ്. ദുബൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. നിവിന്‍ പോളിക്കൊപ്പം സിജു വില്സന്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, ശാരി, വിജയ് മേനോന്, അശ്വിന് മാത്യു എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.