വിഷം ഉള്ളില്‍ച്ചെന്ന് വീട്ടമ്മ മരിച്ച സംഭവം; ഭാര്യ വെളുത്ത പൊടി നല്‍കിയെന്ന് ഭര്‍ത്താവ്

1 min read

കല്‍പ്പറ്റ: വിഷം ഉള്ളില്‍ ചെന്ന് വയനാട് സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിലെ ദുരൂഹതയില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പനമരം സ്വദേശിനിയായ രമ (44) വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. ഭര്‍ത്താവ് ജയപ്രകാശ് നാരായണന്‍ (45) ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഭാര്യ തനിക്ക് വിഷം തരികയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലിലെ ജോലിക്കാരനായിരുന്നു ജയപ്രകാശ് നാരായണന്‍. ഏഴുവര്‍ഷമായി കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സമീപം കൊവ്വല്‍ എ.കെ.ജി ക്ലബിനടുത്തുള്ള വാടകവീട്ടിലാണ് ജയപ്രകാശ് നാരായണനും കുടുംബവും താമസിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ജയപ്രകാശ് 108 ആംബുലന്‍സിനായി വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. താനും ഭാര്യയും വിഷം കഴിച്ചുവെന്നും രക്ഷിക്കണമെന്നും ജയപ്രകാശ് ആംബുലന്‍സ് അധികൃതരോട് പറഞ്ഞതായാണ് വിവരം. ആംബുലന്‍സ് എത്തി ഇരുവരെയും ആശുപത്രിയിലേക്കുള്ള മാറ്റിയെങ്കിലും യാത്രാമധ്യേ രമ മരണപ്പെടുകയായിരുന്നു

ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയപ്രകാശിനെ പിന്നീട് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ജയപ്രകാശ് ജില്ലാ ആശുപത്രിയിലെ ഡോക്ടറോട് പറഞ്ഞ മൊഴിയും പുറത്തുവന്നു. ‘ഭാര്യ തനിക്ക് വെളുത്ത ഒരു പൊടി തന്നുവെന്നും അത് കഴിച്ച് അല്‍പം കഴിഞ്ഞപ്പോള്‍ എനിക്ക് ഛര്‍ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടെന്നും ഇക്കാര്യം ഭാര്യയോട് ചോദിച്ചപ്പോള്‍ വിഷമാണെന്നും താന്‍ നേരത്തേ കഴിച്ചിട്ടുണ്ടെന്ന് ഭാര്യ പറയുകയും ചെയ്‌തെന്നാണ് ജയപ്രകാശിന്റെ മൊഴി.

തുടര്‍ന്നാണ് ജയപ്രകാശ് ആംബുലന്‍സിന്റെ സഹായം തേടിയത്. ഇതേ മൊഴി ജയപ്രകാശ് പൊലീസിനും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ മൊഴി പൂര്‍ണമായും വിശ്വസിച്ചിട്ടില്ലെന്നും തുടരന്വേഷണത്തിലേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ഹൊസ്ദുര്‍ഗ് പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടത്തി സംഭവത്തിലെ ദുരൂഹത നീക്കാനൊരുങ്ങുകയാണ് പൊലീസ്.

Related posts:

Leave a Reply

Your email address will not be published.