ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയ്‌ക്കെതിരെ പൊലീസ് ആത്മഹത്യ ശ്രമത്തിന് കേസെടുത്തു

1 min read

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ നായര്‍ക്കെതിരെ പൊലീസ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന ഗ്രീഷ്മയെ പ്രത്യേക വൈദ്യസംഘം ഇന്നു പരിശോധിക്കും. വൈദ്യസംഘത്തിന്റെ നിര്‍ദേശം അനുസരിച്ചായിരിക്കും പൊലീസിന്റെ തുടര്‍ നടപടികള്‍. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസമാണ് ഡിവൈഎസ്പി ഓഫീസില്‍ വെച്ച് ഗ്രീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്റ്റേഷന് പുറത്തെ ശുചിമുറിയില്‍ വെച്ച് ഗ്രീഷ്മ അണുനാശിനി കുടിക്കുകയായിരുന്നു. ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ഗ്രീഷ്മയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ച് അടിയന്തര ചികിത്സ നല്‍കി. സുരക്ഷാ പരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും മുന്‍കരുതലുകളെടുക്കാതെ ഗ്രീഷ്മയെ പുറത്തെ ശുചിമുറിയിലേക്ക് കൊണ്ടുപോയ രണ്ട് വനിത പൊലീസുകാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നീ പൊലീസുകാരെയാണ് സസ്‌പെന്റ് ചെയ്തത്.

അതേസമയം പ്രത്യേക വൈദ്യസംഘത്തിന്റെ പരിശോധനയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതില്ലെന്ന് വിലയിരുത്തിയാല്‍ മെഡിക്കല്‍ കേളേജിലെ പ്രത്യേക പൊലീസ് സെല്ലിലേക്ക് ഗ്രീഷ്മയെ മാറ്റും. ആരോഗ്യനില മെച്ചപ്പെട്ടാല്‍ ചോദ്യം ചെയ്യലടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഇതിനിടെ ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സിന്ധു , നിര്‍മ്മല്‍ കുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

സിന്ധുവിനേും നിര്‍മ്മല്‍ കുമാറിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തന്നെ ഇരുവരേയും കസ്റ്റഡിയില്‍ എടുത്തിരുന്നു . കൊലപാതകം ഗ്രീഷ്മ ഒറ്റയ്ക്കാണ് നടത്തിയതെന്നും ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കില്ലെന്നുമാണ് പൊലീസ് പറയുന്നത്.

Related posts:

Leave a Reply

Your email address will not be published.