ഗവര്‍ണര്‍ക്ക് നേരെയുണ്ടായ വധ ഗൂഢാലോചനയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി

1 min read

കൊച്ചി : ഗവര്‍ണര്‍ക്ക് നേരെയുണ്ടായ വധ ഗൂഢാലോചനയില്‍ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ വി മനോജ് കുമാറാണ് ഹര്‍ജി നല്‍കിയത്. 2019 ഡിസംബ!ര്‍ 29ന് കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിനിടെ തന്നെ കയ്യേറ്റം ചെയ്യാന്‍ ഗൂഡാലോചന നടന്നെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.

അതേസമയം ഇന്ന് സര്‍ക്കാരിനെ കടുത്ത ഭാഷയിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചത്. സംസ്ഥാനം ഭരണഘടനാ ഭീഷണിയിലാണെന്നാണ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞത്. മാത്രമല്ല, ഗവര്‍ണര്‍ക്കെകതിരെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച മാര്‍ച്ചിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. രാജ്ഭവന്‍ മാര്‍ച്ച് നടക്കട്ടെ എന്നും തന്നെ റോഡില്‍ ആക്രമിക്കട്ടെയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ധര്‍ണ്ണ നവംബര്‍ 15 ലേക്ക് നീട്ടേണ്ട എന്നും താന്‍ രാജ്ഭവനിലുള്ളപ്പോള്‍ തന്നെ നടത്തട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നത്തെയും പോലെ ഇന്നും ഗവര്‍ണര്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ആവര്‍ത്തിച്ച് വിമര്‍ശിക്കുകയായിരുന്നു. ഒപ്പം കൈരളിയെയും മീഡിയ വണ്ണിനെയും വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വിലക്കുന്ന നിലപാട് കൂടി ഗവര്‍ണര്‍ സ്വീകരിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ജയ്ഹിന്ദ് ടി വിക്ക് പ്രതികരണം നല്‍കുന്ന സ്ഥലത്തേക്കുള്ള പ്രവേശനം പോലും നിഷേധിച്ചതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് ആര് പറഞ്ഞാലും അത് ജനാധിപത്യവിരുദ്ധമാണ്. ഗവര്‍ണര്‍ ഉള്‍പ്പെടെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഒരു വിഭാഗം മാധ്യമങ്ങളെ ഇറക്കിവിടുന്നതിലൂടെ വിവരം ജനങ്ങളില്‍ എത്തിക്കുകയെന്നത് തടയുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഇത് ഒരിക്കലും ന്യായീകരിക്കാനാകില്ല. ഗവര്‍ണര്‍ പദവിയില്‍ ഇരുന്നുകൊണ്ട് മാധ്യമങ്ങളോട് ഉള്‍പ്പെടെ ആരോടും വിവേചനപരമായി ഇടപെടുന്നതും ശരിയല്ല. മാധ്യമങ്ങളെ ഒഴിവാക്കുകയെന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലിയാണ്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മാത്രമല്ല മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്നാണ് വിഡി സതീശന്‍ പ്രതികരിച്ചത്.

Related posts:

Leave a Reply

Your email address will not be published.