പയ്യോളിയിലെ യുവാവിന്റെ കൊലപാതകം: മൂന്ന് പേര്‍ കസ്റ്റഡിയില്‍
1 min read
കോഴിക്കോട്: പയ്യോളിയിലെ സഹദിന്റെ കൊലപാതകത്തിന് പിന്നില്‍ മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമെന്ന് നിഗമനം. സംഭവത്തില്‍ നാട്ടുകാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പയ്യോളി സ്വദേശികളായ അലി, ഇസ്മായില്‍, ഷൈജല്‍ എന്നിവരാണ് പിടിയിലായത്. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പള്ളിക്കര സ്വദേശി കുനിയില്‍ കുളങ്ങര സഹദ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ പയ്യോളി ഹൈ സ്‌കൂളിന് സമീപത്തെ തട്ടുകടയില്‍ വെച്ചാണ് സംഭവം നടന്നത്. മര്‍ദ്ദനമേറ്റ സഹദിനെ ആദ്യം കൊയിലാണ്ടി താലൂക് ആശുപത്രിയിലാണ് എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ യുവാവിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.