എല്‍ദോസിനെതിരായ പാര്‍ട്ടി നടപടി വൈകി, കെ മുരളീധരന്
1 min read
കോഴിക്കോട്: ബലാതംസംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ കെപിസിസി നടപടി വൈകിയെന്ന് കെ മുരളീധരന് എംപി കുറ്റപ്പെടുത്തി. ഇന്നോ നാളെയോ കെ പി സി സി യുടെ നടപടിയുണ്ടാകും. എം എല്‍ എ ഓഫീസില്‍ ലഡു വിതരണമൊക്കെ അന്തിമ വിധി കഴിഞ്ഞിട്ടാകുന്നതാണ് നല്ലത്തെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്ത് പൊലീസ് സംവിധാനം കുത്തഴിഞ്ഞു. പൊലീസ് മുഖ്യമന്ത്രിയുടേയോ ഡി ജി പി യുടെയോ നിയന്ത്രണത്തിലല്ല. പൊലീസിനെ നിയന്ത്രിക്കുന്നത് ലഹരി സ്വര്‍ണ്ണക്കടത്തു മാഫിയകളണ്. എ ഐ സി സി പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തരംഗങ്ങളൊക്കെ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബലാത്സംഗ കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എല്‍ദോസ്, തിരുവനന്തപുരം അഡി. സെഷന്‍സ് കോടതി ഇന്നലെ മുന്‍കൂര്‍ ജാമ്യം നല്കിയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരിച്ചെത്തിയത്. കോടതി നിര്‍ദ്ദേശ പ്രകാരം നാളെ എല്‍ദോസിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്.
ഒരു തെറ്റും ചെയ്തില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ആവര്‍ത്തിക്കുകയാണ് എല്‍ദോസ് കുന്നപ്പിള്ളില്‍. പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ഇന്നലെ ഫോണില്‍ സംസാരിച്ചുവെന്നും എല്‍ദോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംസ്ഥാനം വിട്ട് പോയിട്ടില്ലെന്നും ഫോണില്‍ കിട്ടിയില്ല എന്നത് കൊണ്ട് ഒളിവിലായിരുന്നു എന്ന് പറയാന്‍ കഴിയില്ലെന്നും എംഎല്‍എ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ കോടതി ഉത്തരവ് പരിശോധിച്ച്, വക്കിലുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംഎല്‍എ ഓഫീസ് അടച്ചിട്ടില്ല, എല്ലാ ദിവസവും തുറന്നിരുന്നു. ഒരു ജീവിയെയും ഉപദ്രവിക്കാന്‍ തനിക്ക് കഴിയില്ല. താന്‍ പൂര്‍ണ്ണമായി നിരപരാധി ആണ്. പരാതിക്കാരിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ക്രൈംബ്രാഞ്ച് സത്യം പുറത്ത് കൊണ്ട് വരുമെന്നും നിരപരാധി ആണെന്ന് തെളിയിക്കാന്‍ എന്റെ കൈയ്യില്‍ തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി കൂടെ നില്ക്കും എന്ന് പ്രതീക്ഷയുണ്ട്. ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത് ആരോപണം മാത്രമാണ്. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ആരോപണം നേരിട്ടുട്ടുണ്ട്. തനിക്ക് എതിരെ ഉയര്‍ന്നത് കളവായ ആരോപണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.