വിക്രമിന്റെ ‘തങ്കലാനില്‍’ മലയാളി നായികമാര്‍, പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പാര്‍വതിയും മാളവികയും
1 min read
പ്രഖ്യാപനം തൊട്ടേ പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ചിയാന്‍ വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിന്റേത്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് ‘തങ്കലാന്‍’ എന്ന് പേരിട്ടതും പ്രേക്ഷകര്‍ ആഘോഷമാക്കി. ഗംഭീര ലുക്കിലായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ വിക്രം. മലയാളികളായ പാര്‍വതിയും മാളവിക മോഹനനുമാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ എന്നിവരും മറ്റ് ചില പ്രമുഖ അഭിനേതാക്കളും സിനിമയുടെ ഭാഗമാണ്. എ കിഷോര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. തമിഴ് പ്രഭ ഈ ചിത്രത്തിന്റെ സഹ രചയിതാവാണ്.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ മുന്‍പ് പറഞ്ഞത്. സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് ആണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. വിക്രത്തിന്റെ കരിയറിലെ 61ാം ചിത്രത്തിന്റെ കലാ സംവിധായകന്‍ എസ് എസ് മൂര്‍ത്തിയാണ്.
വിക്രവും പ്രധാന കഥാപാത്രമായ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രം ഇപ്പോഴും തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ‘ആദിത്യ കരികാലന്‍’ എന്ന വിക്രം കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന നോവലാണ് മണിരത്‌നം സിനിമയാക്കിയത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം കളക്ഷനില്‍ ഇതുവരെ 500 കോടിയിലധികം നേടിയിട്ടുണ്ട്.