ഷാരോണിന്റെ വധത്തില്‍ ഗ്രീഷ്മയുടെ അമ്മയ്ക്കും പങ്കുണ്ടെന്ന് പിതാവ് ജയരാജ്; അന്വേഷണം വേണം
1 min read
തിരുവനന്തപുരം: ഷാരോണിന്റെ വധത്തില്‍ ഗ്രീഷ്മയുടെ അമ്മയ്ക്കും പങ്കുണ്ടെന്ന് ശാരോണിന്റെ പിതാവ് ജയരാജ് ആവശ്യപ്പെട്ടു. അവളുടെ അമ്മ അറിയാതെ ഒന്നും ചെയ്യില്ല. അമ്മയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പാറശ്ശാല പോലീസിനെതിരെയും ജയരാജ് രംഗത്തെത്തി. ‘ഞങ്ങളുടെ പക്കലുള്ള വീഡിയോ പാറശ്ശാല പോലീസിന് കൈമാറിയിരുന്നില്ല. അത് കൈമാറിയിരുന്നെങ്കില്‍ ഈ തെളിവുകളൊന്നും ഇപ്പോള്‍ ഉണ്ടാകുമായിരുന്നില്ല. ആത്മഹത്യയാക്കി മാറ്റാനായിരുന്നു പാറശ്ശാല പോലീസിന്റെ ശ്രമം’ ജയരാജ് ആരോപിച്ചു.
‘അവളുടെ അമ്മയ്ക്ക് എന്റെ മകന്റെ കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ട്. വിവാഹ നിശ്ചയം കഴിഞ്ഞ ഒരു പെണ്‍കുട്ടി ഇരിക്കുന്ന വീട്ടിലേക്ക് നേരത്തെ ബന്ധമുണ്ടെന്ന് അറിയുന്ന ആളെ വിളിച്ചുവരുത്തുന്നു. അവന്‍ എത്തുന്നതിന് തൊട്ടുമുമ്പായി അമ്മ വീട്ടില്‍ നിന്ന് പോകുന്നു. ഇതെല്ലാം ആസൂത്രണത്തിന്റെ ഭാഗമാണ്. അവളുടെ അമ്മ വിഷം കലക്കിവെച്ച ശേഷമാണ് പോയത്’
അമ്മാവനാണ് കഷായത്തില്‍ കലക്കുന്നതിനുള്ള വിഷം എത്തിച്ചുകൊടുത്തതെന്നാണ് പറയുന്നത്. അവളുടെ അച്ഛന് ഇതില്‍ പങ്കുണ്ടോ എന്നതില്‍ തങ്ങള്‍ക്ക് വ്യക്തതയില്ല. എന്നാല്‍ അമ്മ ഇതിന്റെ പ്രധാന ആസൂത്രണധാരിയാണെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും ജയരാജ് കൂട്ടിച്ചേര്‍ത്തു.
‘കൊലപാതകത്തിന് കൃത്യമായ ആസൂത്രണം നടന്നുവെന്നതിന്റെ തെളിവാണ് ഓട്ടോക്കാരനും മറ്റും കഷായം കൊടുത്തുവെന്ന കള്ള പ്രചാരണം സൃഷ്ടിച്ചത്. ജ്യോതിഷവും അന്ധവിശ്വാസവും ഇതില്‍ ഉള്‍പ്പെട്ടുവെന്നത് പറയാന്‍ കാരണം മകന്റെ കഴുത്തില്‍ താലിക്കെട്ടിയതാണ്. വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം ബന്ധം വഷളായി എന്ന് പറയുന്നത് തെറ്റാണ്.വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷമാണ് മകന്റെ കൂടെ കറങ്ങാന്‍ പോയിരുന്നത്. അതിന് ശേഷം അവന്റെ ഹെയര്‍സ്‌റ്റൈലില്‍ അടക്കം വേഷവിധാനത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. വിവാഹ നിശ്ചയത്തില്‍ മാനസികമായി തകര്‍ന്നിരിക്കുന്ന ഒരാള്‍ അങ്ങനെ ചെയ്യില്ല. അവന് അത്രയും വിശ്വസിച്ചിരുന്നു. സിന്ധൂരം നേരത്തെ ചാര്‍ത്തിയ ശേഷം എന്റെ വീട്ടിലെത്തിയാണ് ആചാരം പോലെ താലിക്കെട്ടിയത്’
ഒരേ സമയം കെട്ടാന്‍ പോകുന്ന ആളേയും പ്രണയിച്ചെന്ന് പറയുന്ന എന്റെ മകനേയും ഒരുപോലെ കൊണ്ടു നടന്ന ഗ്രീഷ്മയ്ക്ക് അമ്മയെ രക്ഷിക്കാന്‍ എന്തു കളവും പറയും. ‘ഷാരോണ്‍ ആശുപത്രിയിലായതിന് ശേഷം ഞാന്‍ ഗ്രീഷ്മയെ വിളിച്ചിരുന്നു. നിന്റെ ജാതകദോഷം മാറ്റാന്‍ എന്റെ മകന് എന്തുകൊടുത്തുവെന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്, വേണമെങ്കില്‍ ആ സിന്ധൂരം ഞാന്‍ മായ്ച്ചുകളയാം എന്നാണ്’ ഷാരോണിന്റെ പിതാവ് വ്യക്തമാക്കി.
അവളുടെ വിവാഹ നിശ്ചയത്തിന് ശേഷം പുറത്ത് പോയി വരുമ്പോഴാണ് ഷാരോണ്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നത്. അതിന് മുമ്പ് അത്തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടായിരുന്നില്ലെന്നും ജയരാജ് പറഞ്ഞു.
ഷാരോണിന്റെ കുടുംബത്തെ പോലീസ് മൊഴിയെടുക്കുന്നതിനായി വിളിപ്പിച്ചു. ഷാരോണിന്റെ അച്ഛന്‍ ജയരാജിനേയും അമ്മയേയും സഹോദരനേയുമാണ് ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ ഷാരോണിന് വിഷം നല്‍കിയെന്ന് കുറ്റസമ്മതം നടത്തിയ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.