രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ കെനിയയില്‍ വെടിയേറ്റ് മരിച്ചു
1 min read
ഇസ്ലാമാബാദ്: ഈ വര്‍ഷമാദ്യം പാകിസ്ഥാനിന്റെ സുരക്ഷാ ഏജന്‍സികള്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ പാകിസ്ഥാന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ഷാദ് ഷെരീഫ് (49) കെനിയയില്‍ വെടിയേറ്റ് മരിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ ജാവേരിയ സിദ്ദിഖ് ട്വിറ്ററില്‍ കുറിച്ചു. ഇമ്രാന്‍ ഖാന്റെ അടുത്ത സഹായി ഷെഹ്ബാസ് ഗില്ലുമായി അഭിമുഖം നടത്തിയതിന് ഓഗസ്റ്റില്‍ ഷെരീഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഇതേ തുടര്‍ന്ന് നാടുവിട്ട ഷെഹ്ബാസ് കെനിയയില്‍ അഭയം തേടുകയായിരുന്നു.
രാജ്യത്തെ ശക്തരായ സൈന്യത്തിനെതിരെ ഇമ്രാന്‍ ഖാനെ ഉയര്‍ത്തിക്കാട്ടാന്‍ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതായി അഭിമുഖത്തില്‍ ഗില്‍ വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അര്‍ഷാദ് ഷെരീഫിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതും അദ്ദേഹം രാജ്യം വിട്ടതും. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് അദ്ദേഹം. എആര്‍വൈ ടിവിയുടെ മുന്‍ റിപ്പോര്‍ട്ടറും ടിവി അവതാരകനുമായിരുന്നു അര്‍ഷാദ് ഷെരീഫ്. എന്നാല്‍ കേസിന് പിന്നാലെ ഇദ്ദേഹം സ്ഥാപനത്തില്‍ നിന്ന് രാജിവച്ചതായി എആര്‍വൈ നെറ്റ് വര്‍ക്ക് അറിയിച്ചു.
‘എനിക്ക് ഇന്ന് സുഹൃത്തിനെയും ഭര്‍ത്താവിനെയും എന്റെ പ്രിയപ്പെട്ട പത്രപ്രവര്‍ത്തകനെയും നഷ്ടപ്പെട്ടു, കെനിയയില്‍ വെടിയേറ്റ് മരിച്ചതായി പൊലീസ് പറഞ്ഞു,’ അദ്ദേഹത്തിന്റെ ഭാര്യ ട്വിറ്ററില്‍ കുറിച്ചു. ‘ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക, ഞങ്ങളുടെ കുടുംബ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും ആശുപത്രിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളും പങ്കിടരുത്. പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ഓര്‍ക്കുക.’ അവര്‍ കൂട്ടിച്ചേര്‍ത്തു.
കെനിയയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ നിന്ന് വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പാക് വിദേശകാര്യ വക്താവ് അസിം ഇഫ്തിഖര്‍ പറഞ്ഞു. 1973 ല്‍ തുറമുഖ നഗരമായ കറാച്ചിയില്‍ ജനിച്ച ഷെരീഫ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. 2019ല്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി അദ്ദേഹത്തിന് ‘പ്രൈഡ് ഓഫ് പെര്‍ഫോമന്‍സ്’ അവര്‍ഡ് നല്‍കി ആദരിച്ചിരുന്നു.
‘ബിഹൈന്‍ഡ് ക്ലോസ്ഡ് ഡോര്‍സ്’ എന്ന ഡോക്യുമെന്ററി സിനിമയുടെ ട്രെയിലറിലാണ് അര്‍ഷാദ് ഷെരീഫിനെ അവസാനമായി കണ്ടത്. ‘അര്‍ഷാദ് ഷെരീഫിന്റെ മരണം പത്രപ്രവര്‍ത്തനത്തിനും പാകിസ്ഥാനും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ, അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ നഷ്ടം താങ്ങാനുള്ള ശക്തി ഉണ്ടാകട്ടെ,’ പ്രസിഡന്റ് അല്‍വി ട്വീറ്റില്‍ കുറിച്ചു. ഷരീഫിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു.