എലിസബത്ത് രാജ്ഞിക്കായി സമര്‍പ്പിച്ച പാവക്കുട്ടികള്‍ ഇനി കുട്ടികളുടെ ചാരിറ്റിയിലേക്ക്

1 min read

എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍ സ്വീകരിച്ചത്. രാജ്ഞിയെ അവസാനമായി ഒരു നോക്കു കാണാന്‍ ബ്രിട്ടന്റെ തെരുവ് വീഥികളില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു. രാജ്ഞിയെ നേരില്‍കണ്ട് അന്തിമോപചാരം അര്‍പ്പിക്കാന്‍ കഴിയാതെ വന്നവര്‍ ബക്കിംങ്ഹാം പാലസിനു പുറത്തും രാജ്യത്തെ പ്രധാനപ്പെട്ട പാര്‍ക്കുകളിലും ഒത്തുചേര്‍ന്ന് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. പൂക്കളും പാവക്കുട്ടികളും മെഴുകുതിരികളും രാജ്ഞിയുടെ ഛായാചിത്രങ്ങളും ഉള്‍പ്പടെ വിവിധ സ്‌നേഹോപഹാരങ്ങളാണ് അന്ന് ഈ സ്ഥലങ്ങളിലൊക്കെയും രാജ്ഞിക്കായി അവര്‍ സമര്‍പ്പിച്ചത്. ഇപ്പോഴിതാ അത്തരത്തില്‍ ശേഖരിക്കപ്പെട്ട പാവക്കുട്ടികള്‍ മുഴുവന്‍ കുട്ടികളുടെ ചാരിറ്റിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് പാലസ് അധികാരികള്‍.

എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സമര്‍പ്പിച്ച 1,000 ത്തിലധികം പാഡിംഗ്ടണ്‍ കരടികളെയും മറ്റ് ടെഡികളെയും കുട്ടികളുടെ ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം ശനിയാഴ്ച അറിയിച്ചത്. യുകെയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജ്ഞി സെപ്റ്റംബര്‍ 8 ന് 96 ാം വയസ്സില്‍ ആണ് അന്തരിച്ചത്. ഇതേ തുടര്‍ന്ന് ദുഃഖത്തില്‍ അമര്‍ന്ന ബ്രിട്ടന്‍ ജനതയ്ക്ക് ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തും ലണ്ടനിലെയും വിന്‍ഡ്‌സര്‍ കാസിലിനു പുറത്തുമുള്ള റോയല്‍ പാര്‍ക്കുകളിലും പുഷ്പങ്ങളും ടെഡി ബിയറുകളും ഉള്‍പ്പെടെയുള്ള സ്‌നേഹ സമ്മാനങ്ങള്‍ സമര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു. ഈ സ്ഥലങ്ങളെല്ലാം അന്ന് രാജ്ഞിക്കായുള്ള സ്‌നേഹോപഹാരങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു.

രാജ്ഞിയോടുള്ള ആദരസൂചകമായി അവശേഷിക്കുന്ന നൂറുകണക്കിന് കരടികളെ കുട്ടികളുടെ ജീവകാരുണ്യ സംഘടനയായ ബര്‍ണഡോസിലേക്ക് ആണ് കൈമാറുന്നത്. കൈമാറുന്നതിന് മുന്‍പായി പാവക്കുട്ടികളെയെല്ലാം പ്രൊഫഷണലായി വൃത്തിയാക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരവും റോയല്‍ പാര്‍ക്കുകളും അറിയിച്ചു.

30 വര്‍ഷത്തിലേറെയായി ചാരിറ്റിയുടെ രക്ഷാധികാരിയായിരുന്നു എലിസബത്ത് രാജ്ഞി, പിന്നീട് 2016 ല്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഭാര്യയും ഇപ്പോള്‍ രാജ്ഞി കണ്‍സോര്‍ട്ട് എന്നറിയപ്പെടുന്നതുമായ കാമിലയും ചാരിറ്റിയുടെ രക്ഷാധികാരിയായി.

Related posts:

Leave a Reply

Your email address will not be published.