ഗീതു മോഹന്‍ദാസ് തന്നെ തകര്‍ക്കാന്‍ ശ്രമിച്ചു; ആരോപണവുമായി ‘പടവെട്ട്’ സംവിധായകന്‍
1 min readസംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് വ്യക്തിപരമായി തന്നെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണമുയര്‍ത്തി പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംവിധായകന്റെ പ്രതികരണം. ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്ന സമയത്ത് കഥ കേട്ട ഗീതു മോഹന്‍ദാസ് ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടെന്നും അതിന് വഴങ്ങാത്തതിലുള്ള ഈഗോ പ്രശ്‌നം കാരണം തനിക്കെതിരെ നിരന്തരം പ്രവര്‍ത്തിച്ചുവെന്നുമാണ് ലിജുവിന്റെ ആരോപണം.
‘മൂത്തോന്‍, തുറമുഖം എന്നീ ചിത്രങ്ങള്‍ക്കു ശേഷം നിവിന്‍ അഭിനയിച്ച ചിത്രമായിരുന്നു പടവെട്ട്. പടവെട്ടിന്റെ കഥ നിവിന്‍ അവരോട് പറഞ്ഞതായിരിക്കണം. 2019 ലാണ് ഗീതു മോഹന്‍ദാസിനോട് പടവെട്ടിന്റെ കഥ വിശദമായി പറഞ്ഞത്. അതില്‍ ചില തിരുത്തലുകള്‍ വരുത്താന്‍ അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തില്‍ തീരുമാനം ഞാന്‍ എടുത്തോളാമെന്ന ശാഠ്യം ഞാന്‍ പറഞ്ഞു. അത് അവരുടെ ഈഗോയെ ഉലച്ചു. എന്നെപ്പോലെ ഒരു നവാഗതനെ അവരുടെ അധികാരം ഉപയോഗിച്ച് ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഭീഷണിപ്പെടുത്തി. സിനിമ പുരോഗമിച്ചപ്പോള്‍ ചിത്രത്തില്‍ നിന്ന് എന്റെ പേര് നീക്കം ചെയ്യണമെന്നായി ആവശ്യം. അതിനായി നിര്‍മ്മാതാക്കള്‍ക്ക് നിരന്തരം മെയിലുകള്‍ അയച്ചു. ദേശീയ തലത്തിലുള്ള നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കുവരെ പരാതി പോയി’. എന്നാല്‍ ചിത്രത്തിലെ നായകനായ നിവിന്‍ പോളിയും സഹനിര്‍മ്മാതാവ് സണ്ണി വെയ്‌നും ഉറച്ച നിലപാട് എടുത്തതോടെയാണ് അത് നടക്കാതെ പോയതെന്നും ലിജു കൃഷ്ണ പറയുന്നു.
അതേസമയം ലിജു കൃഷ്ണയ്‌ക്കെതിരെ ഒരു ബലാല്‍സംഗക്കേസ് നിലവിലുണ്ട്. കേസിനു പിന്നാലെ ഇതില്‍ തീര്‍പ്പാവുന്നതുവരെ ലിജു കൃഷ്ണയെ സിനിമയില്‍ നിന്ന് വിലക്കണമെന്ന് സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. പേര് നീക്കണമെന്ന് ഡബ്ല്യുസിസി അല്ലേ ആവശ്യം ഉയര്‍ത്തിയതെന്ന ചോദ്യത്തിന് ഡബ്ല്യുസിസി അധികാരം കൈയാളുന്ന ചില വ്യക്തികളുടെ കൈയിലാണെന്നായിരുന്നു സംവിധായകന്റെ മറുപടി. ഡബ്ല്യുസിസിയുടെ പേരില്‍ പരാതികള്‍ അയച്ചത് ആരാണ് എന്നതിനുള്ള തെളിവ് തങ്ങളുടെ പക്കല്‍ ഉണ്ടെന്നും ലിജു കൃഷ്ണ അവകാശപ്പെട്ടു. പടവെട്ടിന്റെ റിലീസിനു പിന്നാലെ ഗീതു മോഹന്‍ദാസിനെതിരെ ചിത്രത്തിന്റെ ക്രിയേറ്റീവ് ടീം സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ലിജു കൃഷ്ണ അറിയിച്ചു.