രോഗിയായ സ്ത്രീയുടെ മുടിക്കുത്തില്‍ പിടിച്ചുവലിക്കുന്ന നഴ്‌സ്; വിവാദമായി വീഡിയോ

1 min read

ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ആദ്യം നാം പ്രതീക്ഷിക്കുന്നത് കരുണയോടെയും സഹാനുഭൂതിയോടെയുമുള്ള പെരുമാറ്റം തന്നെയാണ്. അത് ഡോക്ടര്‍മാര്‍ ആയിരുന്നാലും, ക്ലീനിംഗ് സ്റ്റാഫ് ആയിരുന്നാലും ശരി. എന്നാല്‍ പലപ്പോഴും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇവരില്‍ ചിലര്‍ക്കെങ്കിലും കഴിയാതെ പോകാറുണ്ട് എന്നതാണ് സത്യം. ഇത്തരത്തില്‍ ആശുപത്രികളില്‍ നിന്ന് മോശം അനുഭവങ്ങള്‍ നേരിടുന്നവര്‍ നിരവധിയാണ്.

അതേസമയം ഇങ്ങനെയുള്ള അനുഭവങ്ങളുടെ പേരില്‍ ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരെയും ഒന്നടങ്കം കുറ്റപ്പെടുത്തുന്ന പ്രവണതയും നന്നല്ല.

എന്തായാലും സമാനമായ രീതിയില്‍ വിവാദമായിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള വീ!ഡിയോ. രോഗിയായ സ്ത്രീക്ക് നേരെ കായികമായി ബലം പ്രയോഗിക്കുന്ന നഴ്‌സിനെയും സഹായികളെയുമാണ് ഈ വീഡിയോയില്‍ കാണുന്നത്.

സീതാപൂര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. രോഗിയായ സ്ത്രീയെ വനിതാ വാര്‍ഡിലൂടെ മുടിക്കുത്തിന് പിടിച്ച് ബലമായി കൊണ്ടുപോകുന്ന സ്ത്രീ നഴ്‌സിനെയാണ് വീഡിയോയില്‍ കാണുന്നത്. തുടര്‍ന്ന് ഇവര്‍ രോഗിയെ കട്ടിലില്‍ ബലമായി പിടിച്ചുകിടത്തുകയും ഇതിന് പുരുഷന്മാരടക്കമുള്ള മറ്റുള്ളവര്‍ സഹായിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

വീഡിയോ വ്യാപകമായ രീതിയില്‍ പങ്കുവയ്ക്കപ്പെടുകയും വിവാദമാവുകയും ചെയ്തതോടെ നഴ്‌സിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായി. എന്നാല്‍ ഇതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആശുപത്രി അധികൃതര്‍.

ഒക്ടോബര്‍ 18ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സ്ത്രീ സംഭവം നടന്ന ദിവസം രാത്രി പെട്ടെന്ന് വിചിത്രമായ രീതിയില്‍ പെരുമാറുകയായിരുന്നുവെന്നും ഇതെത്തുടര്‍ന്നാണ് നഴ്‌സുമാര്‍ അടക്കമുള്ളവര്‍ക്ക് ഇവരെ കായികമായി കൈകാര്യം ചെയ്യേണ്ടിവന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.

രാത്രി 12നും ഒരു മണിക്കും ഇടയില്‍ രോഗിയായ സ്ത്രീ വാഷ്!റൂമിന് സമീപത്തേക്ക് പോയി. ഇവിടെ വച്ച് പെട്ടെന്ന് ഇവര്‍ വിചിത്രമായ രീതിയില്‍ പെരുമാറാന്‍ തുടങ്ങി. വളകള്‍ ഉടയ്ക്കാനും വസ്ത്രം കീറിപ്പറിക്കാനും ശ്രമിച്ചു. ഇതുകണ്ട മറ്റ് രോഗികളും വാര്‍ഡിലുണ്ടായിരുന്നവരും പേടിച്ചുനിലവിളിച്ചു. വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് അടുത്തുള്ള വാര്‍ഡുകളില്‍ നിന്ന് മറ്റ് നഴ്‌സുമാരെയും വിളിച്ചു. അങ്ങനെ ബലം പ്രയോഗിച്ച് ഇവരെ കട്ടിലില്‍ കിടത്തി കെട്ടിയിട്ട ശേഷം ഇന്‍ജെക്ഷന്‍ നല്‍കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്. ഇതിനിടെ നഴ്‌സുമാര്‍ ഈ വിവരം പൊലീസിലും അറിയിച്ചിരുന്നുവത്രേ.

ഈ സ്ത്രീ പിന്നീട് ‘നോര്‍മല്‍’ ആയതോടെ ഡിസ്ചാര്‍ജ് ആയി ബന്ധുക്കള്‍ക്കൊപ്പം പോയതായും സീതാപൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍കെ സിംഗ് പറയുന്നു.

വീഡിയോ…

Related posts:

Leave a Reply

Your email address will not be published.