ഗുജറാത്തിലെ തകര്‍ന്ന തൂക്ക് പാലത്തിനു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല; മരണം 141

1 min read

ഗാന്ധിനഗര്‍: ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 141 ആയി. 177 ഓളം പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇനിയും അനേകം പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. ഒന്നര നൂറ്റാണ്ടോളം പഴക്കുള്ള പാലം അറ്റക്കുറ്റപണികള്‍ക്ക് ശേഷം ഒക്ടോബര്‍ 26-നാണ് തുറന്നത്. എന്നാല്‍ പാലം തുറക്കുന്നതിന് മുമ്പായി അധികൃതരില്‍ നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നില്ലെന്ന് മോര്‍ബി മുനിസിപ്പല്‍ അധികൃതര്‍ പറയുന്നു.
അറ്റക്കുറ്റ പണികള്‍ക്കായി ഏഴ് മാസത്തോളമാണ് പാലം അടച്ചിട്ടിരുന്നത്. ഒറേവ റിനോവേറ്റഡ് എന്ന സ്വകാര്യ ട്രസ്റ്റാണ് അറ്റക്കുറ്റപണികള്‍ക്കായി സര്‍ക്കാരില്‍ നിന്ന് കരാര്‍ നേടിയത്.

തൂക്കുപാലം തകര്‍ന്നുവീഴുമ്പോള്‍ സ്ത്രീകളും കുട്ടികളും അടക്കം 500 ഓളം പേര്‍ പാലത്തിലുണ്ടായിരുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍. രക്ഷപ്പെടുത്തിയ പലരുടേയും നില അതീവഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സൈന്യം, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, കോസ്റ്റ്ഗാര്‍ഡ് തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. തിരച്ചിലിനായി ഡ്രോണ്‍ അടക്കമുള്ളവയും ഉപയോഗിക്കുന്നുണ്ട്.

മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് പൊട്ടിവീണത്. ഛാട്ട് പൂജയോടനുബന്ധിച്ച് ധാരാളം പേരാണ് പാലത്തിനുമുകളിലെത്തിയത്. ഇതോടെ അമിതഭാരം താങ്ങാനാകാതെ തകരുകയായിരുന്നു.

‘ഇതൊരു സര്‍ക്കാര്‍ ടെന്‍ഡറായിരുന്നു. പാലം തുറക്കുന്നതിന് മുമ്പ് ഒറേവ ഗ്രൂപ്പ് അതിന്റെ നവീകരണ വിശദാംശങ്ങള്‍ നല്‍കേണ്ടതും ഗുണനിലവാര പരിശോധന നടത്തേണ്ടതുമായിരുന്നു. എന്നാല്‍ അത് ചെയ്തില്ല. സര്‍ക്കാരിന് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു’ മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അഞ്ചംഗ ഉന്നതാധികാര സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ടെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സാങ്‌വി പറഞ്ഞു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപയും ലഭിക്കും.

Related posts:

Leave a Reply

Your email address will not be published.