വിടവാങ്ങിയത് ദേശീയ രാഷ്ട്രീയത്തിലെ ചാണക്യന്; രാഷ്ട്രീയ ജീവിതം സംഭവബഹുലവും
1 min readന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിലെ ചാണക്യനായിരുന്നു ഒരു കാലത്ത് മുലായംസിംഗ് യാദവ്. രാജ്യം കണ്ട സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖനുമായിരുന്നു. ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തിന്റെ ഗതിതന്നെ മുലായത്തിന്റെ കൈകളിലായിരുന്നു. ഹിന്ദി ഹൃദയഭൂമിയുടെ നേതാജിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഇറ്റാവയിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്കും അവിടെനിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുമുള്ള മുലായം സിംഗ് യാദവിന്റെ യാത്ര സംഭവബഹുലമായിരുന്നു.
ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ ഒരു ഗ്രാമത്തിൽ സുധർ സിംഗിന്റെയും മൂർത്തിദേവിയുടെയും മകനായി 1939 നവംബർ 22ന് ജനനം. റാം മനോഹർ ലോഹ്യയുടെയും രാജ് നാരായണിന്റെയും ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങിയ മുലായം 1967ൽ ആദ്യമായി യുപി നിയമസഭയിലെത്തി. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ മുലായം 19 മാസം തടവിൽക്കിടന്നു.
1980ൽ ലോക്ദൾ പാർട്ടിയുടെ അധ്യക്ഷനായി. പിന്നീട് ഈ പാർട്ടി ജനതാദളിന്റെ ഭാഗമായി. ലോക്ദൾ പിളർന്നതോടെ ക്രാന്തികാരി മോർച്ച പാർട്ടിയുമായി മുലായം രംഗത്തെത്തി. 1989ൽ ആദ്യമായി യുപി മുഖ്യമന്ത്രിയായി. 1992ൽ സമാജ്വാദി പാർട്ടി രൂപീകരിച്ചു.
ഗുസ്തിക്കാരനാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പരിശീലനത്തിനിടെ പരിചയപ്പെട്ട നട്ടു സിംഗ് എന്ന സോഷ്യലിസ്റ്റ് നേതാവിലൂടെ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങി. രാംമനോഹര്‍ ലോഹ്യയുമായുള്ള അടുപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉത്തര്‍ പ്രദേശിലെ യുവ മുഖങ്ങളിലൊന്നാക്കി മുലായത്തെ മാറ്റി. 1967ല്‍ 28ാമത്തെ വയസില്‍ സോഷ്യലിസ്ററ് ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കന്നി അംഗത്തിലൂടെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി.