മദ്യശാലകളില്‍ നിന്ന് പതിവായി മദ്യം മോഷ്ടിക്കുന്ന കുരങ്ങന്‍ ; വീഡിയോ

1 min read

പല വിനോദസഞ്ചാര മേഖലകളിലും വലിയ ശല്യമായി കുരങ്ങുകള്‍ മാറുന്നത് കണ്ടിട്ടില്ലേ? ടൂറിസ്റ്റുകളുടെ കയ്യില്‍ നിന്നും പഴങ്ങളും മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളുമെല്ലാം തട്ടിപ്പറിച്ചെടുത്ത് മരക്കൊമ്പുകളിലൂടെ ഓടിമറയുന്ന വാനരസംഘങ്ങള്‍ ശരിക്ക് പറഞ്ഞാല്‍ ഭീഷണി തന്നെയാകാറുണ്ട്. കയ്യിലുള്ളത് കൊടുക്കാതിരുന്നാല്‍ ആളുകളെ ആക്രമിക്കുന്നവ പോലും ഇക്കൂട്ടത്തിലുണ്ട്. ഇങ്ങനെ നിരവധി സംഭവങ്ങള്‍ തുടര്‍ക്കഥയായിട്ടുള്ള സ്ഥലങ്ങളുണ്ട്.

ഇപ്പോഴിതാ സമാനമായ രീതിയില്‍ ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ മദ്യശാലകള്‍ക്ക് ഭീഷണിയാവുകയാണ് ഒരു കുരങ്ങന്‍. നേരത്തെ സൂചിപ്പിച്ചത് പോലെ ഭക്ഷണസാധനങ്ങള്‍ തട്ടിപ്പറിക്കുന്ന കുരങ്ങുകള്‍ പിന്നെയും നമുക്ക് ശീലമുള്ള കാഴ്ചയാണ്. എന്നാലിത് മദ്യമാണ് തട്ടിപ്പറിക്കുന്നത്.

ഒരേയൊരു കുരങ്ങാണത്രേ സ്ഥലത്ത് ഈ ഭീഷണിയുണ്ടാക്കുന്നത്. മദ്യശാലകള്‍ക്ക് സമീപം ഇത് വന്നിരിക്കുമത്രേ. എന്നിട്ട് ഒന്നുകില്‍ മദ്യം വാങ്ങിപ്പോകുന്നവരുടെ കയ്യില്‍ നിന്ന് തന്നെ ഇത് തട്ടിപ്പറിച്ചെടുക്കും. അല്ലെങ്കില്‍ കടകളിലെ ജീവനക്കാരുടെ കണ്ണൊന്ന് തെറ്റിയാല്‍ നേരിട്ട് കടകളില്‍ തന്നെ കയറിയാണ് അക്രമം.

ഈ കുരങ്ങ് ബിയര്‍ കഴിക്കുന്നൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു. ടിന്നിലടച്ച ബിയര്‍ രണ്ട് കൈ കൊണ്ടും പിടിച്ച് നിന്ന് കുടിക്കുകയാണ് കുരങ്ങച്ചാര്‍. ഇടയ്ക്ക് തീരാറായോ എന്നറിയാന്‍ ടിന്നിലേക്ക് സൂക്ഷിച്ചുനോക്കുകയും ടിന്ന് ഇളക്കിനോക്കുകയും ചെയ്യുന്നുണ്ട്.

നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കാഴ്ചക്കാര്‍ക്ക് ഇത് കൗതുകമാണെങ്കിലും റായ് ബറേലിയിലെ മദ്യക്കടകളിലുള്ളവര്‍ക്ക് ഇവനൊരു കനത്ത ശല്യം തന്നെയാണ്. ഇതിനെതിരെ അധികൃതര്‍ക്ക് പരാതിപ്പെട്ടിട്ടും കാര്യമൊന്നുമുണ്ടായില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. പലവട്ടം പരാതിപ്പെട്ടെങ്കിലും കുരങ്ങ് വരുമ്പോള്‍ ആട്ടിവിട്ടാല്‍ മതിയെന്ന മറുപടിയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഇവര്‍ പറയുന്നു.

എങ്ങനെയാണ് ഈ കുരങ്ങിന് മദ്യത്തിന്റെ രുചി പരിചതമായതെന്നോ, അതിന് കുരങ്ങ് അടിപ്പെട്ടതെന്നോ വ്യക്തമല്ല. എന്തായാലും സ്ഥിരം മദ്യപാനിയെക്കൊണ്ട് സമീപവാസികള്‍ പൊറുതിമുട്ടിയെന്ന് പറയാമല്ലോ.

Related posts:

Leave a Reply

Your email address will not be published.