മോഹൻലാലിന്റെ ശബ്ദം പോയി, സിനിമയെ കൂവി തോൽപിച്ചു പ്രേക്ഷകർ

1 min read

ദി പ്രിൻസ് എന്ന സിനിമയിലാണ് മോഹൻലാലിന്റെ ശബ്ദം നഷ്ടപ്പെട്ടത്

1996ലെ ഓണക്കാലത്താണ് മോഹൻലാൽ നായകനായ ദി പ്രിൻസ് എന്ന സിനിമ റിലീസ് ആകുന്നത്… ബാഷ എന്ന രജനീകാന്ത് ചിത്രത്തിന്റെ സംവിധായകൻ സുരേഷ് കൃഷ്ണ തന്നെയായിരുന്നു ദി പ്രിൻസ് അണിയിച്ചൊരുക്കിയത്… സുരേഷ് കൃഷ്ണ-മോഹൻലാൽ ടീം ഒന്നിക്കുന്ന സിനിമ…. കേട്ടപാതി കേൾക്കാത്ത പാതി വമ്പൻ പ്രതീക്ഷകളോടെ സിനിമ കാണാൻ തടിച്ചുകൂടി ആരാധകർ… കേരളത്തിലെ തിേയററ്ററുകളെ ജനസമുദ്രമാക്കിക്കൊണ്ട് ചിത്രത്തിന്റെ ആദ്യഷോ ആരംഭിച്ചു… മോഹൻലാലിന്റെ ഇൻട്രോ കഴിഞ്ഞതോടെ, ഇരുട്ടിലാണെങ്കിലും പ്രേക്ഷകർ പരസ്പരം നോക്കി പിറുപിറുത്തു തുടങ്ങി… ”എന്താ മോഹൻലാലിന്റെ ശബ്ദം ഇങ്ങനെ? ശബ്ദത്തിന് എന്തു പറ്റി?”.. സിനിമ മുന്നോട്ടു പോകുന്തോറും പ്രേക്ഷകർ അസ്വസ്ഥരാകാൻ തുടങ്ങി.. മോഹൻലാലിന്റെ ഇതുവരെ പരിചയമില്ലാത്ത ശബ്ദം… അതവർക്ക് അസഹനീയമായിരുന്നു.. ആളുകൾ കൂവാൻ തുടങ്ങി.. സിനിമയുടെ ആദ്യാവസാനം കൂവൽ മാത്രമാണ് തിയേറ്ററിൽ മുഴങ്ങിക്കേട്ടത്.. അതു കാരണം ചിത്രത്തിലെ മാസ് രംഗങ്ങളോ പ്രണയരംഗങ്ങളോ സെന്റിമെന്റൽ രംഗങ്ങളോ ഒന്നും പ്രേക്ഷകർ കണ്ടില്ല, അഥവാ അവർക്ക് ആസ്വദിക്കാൻ പറ്റിയില്ല… ഇത്രയേറെ കൂവലുകൾ എാറ്റുമാങ്ങിയ മറ്റൊരു മോഹൻലാൽ ചിത്രമുണ്ടാകില്ല എന്നു തന്നെ പറയാം. സിനിമ കഴിഞ്ഞ്് നിരാശരായാണ് ആളുകൾ പുറത്തിറങ്ങിയത്. അടുത്ത ഷോയുടെ ടിക്കറ്റിനു വേണ്ടി പൊരിവെയിലിൽ കാത്തു നിൽക്കുകയാണ് ആളുകൾ. സിനിമ കണ്ടവർ രോഷത്തോടെ അവരെ നോക്കി പറഞ്ഞു. ”തല്ലിപൊളി പടമാണ്. മോഹൻലാലിന്റെ ശബ്ദം പോയി. വെറുതെ കാശ് കളയേണ്ട”. കേട്ടതൊന്നും ശരിയാകരുതേ എന്ന് പ്രാർഥിച്ചുകൊണ്ടാണ് ആളുകൾ ടിക്കറ്റെടുത്ത് അകത്ത് കയറിയത്. അവർക്കും നിരാശയായിരുന്നു ഫലം.. പലരും സിനിമ മുഴുവൻ കാണാതെ ഇറങ്ങിപ്പോന്നു. ”ദി പ്രിൻസ് വളരെ മോശം പടമാണ്. മോഹൻലാലിന്റെ കാലം കഴിഞ്ഞു. ഇനി സിനിമയിൽ അഭിനയിക്കില്ല” എന്നൊക്കെ ധാരാളം വിമർശനങ്ങൾ ഉണ്ടായി അക്കാലത്ത്… ”മോഹൻലാലിന്റെ ശബ്ദം പോയി, അദ്ദേഹത്തിന് തൊണ്ടയിൽ കാൻസർ ആണ്” എന്നുള്ള വാർത്തയും കാട്ടുതീ പോലെ പടർന്നു. വാർത്ത കേട്ട് സങ്കടത്തിലായി ലാൽ ആരാധകർ. ദി പ്രിൻസിനുശേഷം, 97ൽ ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങളായിരുന്നു മണിരത്‌നം സംവിധാനം ചെയ്ത ഇരുവരും ഐ.വി.ശശിയുടെ വർണ്ണപ്പകിട്ടും. പക്ഷേ മോഹൻലാലിലേക്ക് പ്രേക്ഷകരെ തിരികെയെത്തിക്കാൻ ഈ ചിത്രങ്ങൾക്കൊന്നും സാധിച്ചില്ല.

തന്റെ ശബ്ദത്തിന് എന്തു സംഭവിച്ചു എന്ന് മോഹൻലാൽ തന്നെ പിന്നീട് വ്യക്തമാക്കുകയുണ്ടായി. അതൊരു സാങ്കേതിക പിഴവ് ആയിരുന്നു. ചിത്രത്തിന്റെ ശബ്ദമിശ്രണത്തിൽ സംഭവിച്ച പിഴവ്. ചിത്രത്തിൽ മോഹൻലാൽ ഒഴികെ മറ്റ് പ്രധാന നടൻമാർക്കെല്ലാം വേറെ ആളുകളാണ് ശബ്ദം നൽകിയത്. അതിന്റെ ശബ്ദമിശ്രണം ചെയ്തത് തമിഴ്‌നാട്ടിലെ സാങ്കേതിക പ്രവർത്തകരും. ശബ്ദം ബാലൻസ് ചെയ്തപ്പോൾ അവർക്ക് സംഭവിച്ച് പിഴവായിരുന്നു ദി പ്രിൻസിന്റെ ദുരന്തത്തിൽ കലാശിച്ചത്.  

പിഴവ് എന്തു തന്നെയായാലും മോഹൻലാൽ ആരാധകരെ എാറെ നിരാശയിലാക്കിയ ഒന്നായിരുന്നു അത്. മോഹൻലാലിന് കാൻസറാണെന്ന വാർത്ത കണ്ണീരോടെയാണ് കുടുംബ പ്രേക്ഷകർ ഉൾക്കൊണ്ടത്. കാരണം അത്രമാത്രം അവർ ലാലേട്ടനെ ഇഷ്ടപ്പെട്ടിരുന്നു.

1997ൽ ഓണച്ചിത്രമായി പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ചന്ദ്രലേഖ ഇറങ്ങിയതോടെയാണ് പ്രേക്ഷകർ മോഹൻലാലിനെ തേടി വീണ്ടുമെത്തിയത്. വാഹന മണിമുടക്കുള്ള ദിവസമായിരുന്നു അത്. എന്നിട്ടും തിയേറ്റർ കോമ്പൗണ്ട് ആളുകളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ടിക്കറ്റെടുത്ത് അകത്ത് കയറിയ ഓരോരുത്തർക്കും അറിയേണ്ടത് ഒന്നുമാത്രമായിരുന്നു, മോഹൻലാലിന്റെ ശബ്ദം തിരിച്ചു കിട്ടിയോ? ആദ്യരംഗത്തിൽ തന്നെ ലാലേട്ടന്റെ ഇൻട്രോ. തുടർന്ന് സംഭാഷണം. അതോടെ തിയേറ്ററിൽ കയ്യടി ഉയർന്നു. പിന്നീട് സിനിമ തീരുവോളം പൊട്ടിച്ചിരികളും കയ്യടികളും തന്നെയായിരുന്നു. ”മാനത്തെ ചന്തിരനൊത്തൊരു”,  ”അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പ കല്യാണം” എന്നീ ഗാനങ്ങളും പ്രേക്ഷകർ എാറ്റെടുത്തു.

സിനിമ കഴിഞ്ഞ് ആർപ്പുവിളികളോടെയാണ് പ്രേക്ഷകർ പുറത്തിറങ്ങിയത്. അടുത്ത് ഷോയ്ക്ക് കാത്തുനിൽക്കുന്നവരോട് അവർ ഉറക്കെ വിളിച്ചു പറഞ്ഞു: ഉഗ്രൻ പടമാണ് മക്കളേ, മോഹൻലാൽ കലക്കി. അതോടെ തിയേറ്റർ വീണ്ടും ആർപ്പുവിളികളാൽ മുഴങ്ങി. അതേ വർഷം തന്നെ ഡിസംബറിൽ ആറാം തമ്പുരാൻ ഇറങ്ങിയതോടെ മലയാള സിനിമയിൽ തന്റെ സിംഹാസനമുറപ്പിച്ചു മോഹൻലാൽ.

Related posts:

Leave a Reply

Your email address will not be published.