മെഷീൻഗണ്ണും ചുറ്റികയുമായി മോഹൻലാൽ
1 min read
റമ്പാൻ എത്തുന്നു. ആയുധം തോക്കോ ചുറ്റികയോ അല്ല, ബുള്ളറ്റിന്റെ ചെയിൻ.
വർഷങ്ങൾക്കു ശേഷം മോഹൻലാലും ജോഷിയും ഒന്നിക്കുകയാണ്. റമ്പാൻ എന്ന ചിത്രത്തിലൂടെ… ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
മുണ്ട് മുടക്കി കുത്തി, ഇരു കൈകളിലും മെഷീൻഗണ്ണും ചുറ്റികയുമേന്തി, കാറിനു മുകളിൽ കയറി പുറം തിരിഞ്ഞു നിൽക്കുന്ന നായകനാണ് പോസ്റ്ററുകളിൽ… അതുകൊണ്ടു തന്നെ റമ്പാൻ ഒരു മാസ് എന്റർടെയ്‌നറായിരിക്കും എന്നുറപ്പ്… മോഹൻലാലാണ് റമ്പാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടൻ ചെമ്പൻ വിനോദിന്റേതാണ് തിരക്കഥ. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ സിനിമകളുടെ തിരക്കഥയും ചെമ്പൻ വിനോദിന്റേതായിരുന്നു. 2025 ൽ വിഷു റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
ചിത്രത്തെക്കുറിച്ച് മോഹൻലാൽ പറയുന്നത് ഇങ്ങനെയാണ് : ”റമ്പാൻ പാൻ ഇന്ത്യൻ ചിത്രമാണ്. ആക്ഷന് വളരെ പ്രാധാന്യമുള്ള സിനിമയാണിത്. എപ്പോഴും ഒരു സിനിമ തുടങ്ങുമ്പോൾ അതേറ്റവും വലിയ സിനിമ ആകണമെന്ന് പ്രാർഥിക്കും. അതുപോലെ തന്നെയാണ് റമ്പാനും. ജോഷി സാറുമായി ഒരു സിനിമ ചെയ്യുക എന്ന് പറയുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണ.്.. എനിക്ക് മാത്രമല്ല എല്ലാ അഭിനേതാക്കൾക്കും… ഒരുപാട് നല്ല സിനിമകൾ എനിക്ക് അദ്ദേഹവുമായി ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഈ കഥ ചെയ്യുന്നതിന് ജോഷി സാറിന്റെ ക്രാഫ്റ്റ് ആവശ്യമാണ്. ഇന്ത്യയിൽ മാത്രമല്ല പുറത്തും ഷൂട്ട് ചെയ്യേണ്ട സിനിമയാണ് റമ്പാൻ. ഇന്ത്യയിൽ നിന്നും തുടങ്ങുന്ന സിനിമയുടെ ഒരു വലിയ ഭാഗം യു.എസിൽ ആണ് നടക്കുന്നത്. വലിയൊരു പ്രൊഡക്ഷൻ ആണിത്. വളരെയധികം സൂക്ഷിച്ചു ചെയ്യേണ്ട സിനിമ. ഇതൊരു മലയാള സിനിമ മാത്രമല്ല, പാൻ ഇന്ത്യൻ ചിത്രം കൂടിയാണ്. മറ്റു താരങ്ങൾ ഇതിൽ അണിനിരക്കുന്നുണ്ട്. ചെമ്പൻ ഈ കഥ പറഞ്ഞപ്പോൾ തന്നെ ആകർഷണം തോന്നി. ഒരു ആക്ടർ എന്ന നിലയിൽ എനിക്കൊരുപാട് സാധ്യതകൾ ഉള്ളൊരു ചിത്രം കൂടിയാണിത്”.
പോസ്റ്ററിലെ മോഹൻലാലിന്റെ ലുക്കിനെപ്പറ്റി ചോദിച്ചപ്പോൾ, ചുറ്റിക ഇന്ത്യയിലും തോക്ക് യു.എസിലും എന്നാണ് തമാശയായി അദ്ദേഹം പറഞ്ഞത്. തരികിടയിലേക്ക് പോകാൻ സാധ്യതയുള്ള കഥാപാത്രമാണ് റമ്പാൻ എന്നും മോഹൻലാൽ വെളിപ്പെടുത്തുന്നു… അതേസമയം, റമ്പാന്റെ ആയുധം തോക്കോ ചുറ്റികയോ അല്ല, ബുള്ളറ്റിന്റെ ചെയിൻ ആണെന്ന് പറയുന്നു തിരക്കഥാകൃത്ത് ചെമ്പൻ വിനോദ്.. ടൈറ്റിലിന്റെ മുകളിൽ തന്നെ ബുള്ളറ്റ് ചെയിൻ കാണിക്കുന്നുണ്ടെന്നും ചെമ്പൻ പറഞ്ഞു.
ചിത്രത്തിൽ മോഹൻലാലിന്റെ മകളായി എത്തുന്നത് കല്യാണി പണിക്കരാണ്. നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി. കല്യാണിയുടെ കരിയർ തന്നെ മാറ്റിമറിക്കാൻ പോകുന്ന കഥാപാത്രമാകും റമ്പാനിലേത് എന്നാണ് റിപ്പോർട്ട്.
കല്യാണിയുടെ കഥാപാത്രത്തെക്കുറിച്ച്‌ചെമ്പൻ വിനോദ് പറയുന്നത് ഇങ്ങനെയാണ് :
”എല്ലാ വിധ തരികിടകളുമായി ചെറുപ്പത്തിൽ ജീവിച്ച്, വളർന്നപ്പോൾ നന്നായ ഒരാളാണ് റമ്പാനെന്ന് തൽക്കാലം കരുതാം. റമ്പാൻ എന്നു പറയുന്ന കഥാപാത്രത്തെപ്പോലെ തന്നെ കയ്യിലിരിപ്പുള്ള ഒരു മകളുണ്ട് സിനിമയിൽ. മകളുടെയും അപ്പന്റെയും കഥയാണ് റമ്പാൻ”.
ഇങ്ങനെയൊരു വലിയ അവസരം സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് കല്യാണി പറയുന്നത്. ഒരു മിനിട്ടെങ്കിലും മോഹൻലാലിന്റെ മകളായി അഭിനയിക്കുക എന്നത് സ്വപ്‌നമാണ്. ആത്മവിശ്വാസമുണ്ട്. കല്യാണി പറയുന്നു.
ReplyForward |