കെട്ടിട നിര്‍മാണ തൊഴിലാളിയായ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍; ദുരൂഹത

1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെട്ടിട നിര്‍മാണ തൊഴിലാളിയായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വാമനപുരം മേലാറ്റുമൂഴി തേക്കിന്‍കാട് വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ഓമനയുടെയും മകന്‍ അരുണ്‍(30)നെയാണ് മേലാറ്റുമൂഴിക്കു സമീപമുള്ള ചായക്കടയോട് ചേര്‍ന്നുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് യുവാവ് വീട്ടില്‍ നിന്നുമിറങ്ങിയത്. സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

തിങ്കളാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് അരുണ്‍ വീട്ടില്‍ നിന്ന് പോയത് എന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് ഇയാളെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെ കിണറ്റില്‍ നിന്നും അരുണിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് അരുണ്‍ എത്താന്‍ സാധ്യതയില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കാണിച്ച് ബന്ധുക്കള്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. സമീപത്തെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചു അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അരുണിന്റെ ഫോണ്‍ കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.