ജീവനക്കാര്‍ പുറത്തേക്ക്; പിരിച്ചുവിടല്‍ ആരംഭിച്ച് ഫേസ്ബുക്ക്

1 min read

സന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ ഇന്ന് മുതല്‍ ജീവനക്കാരെ പിരിച്ചുവിടും. സോഷ്യല്‍ മീഡിയ ഭീമന്റെ വരുമാനത്തിലെ കനത്ത ഇടിവ് കാരണം ചെലവ് ചുരുക്കാന്‍ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണ്. പിരിച്ചു വിടുന്ന ജീവനക്കാരെ ഇന്ന് രാവിലെ മുതല്‍ അറിയിക്കും.ജീവനക്കാരുമായി മെറ്റാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.

ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ടീമുകളെ മാറ്റാനും മെറ്റ ഉദ്ദേശിക്കുന്നതായി സെപ്തംബര്‍ അവസാനം തന്നെ സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമനങ്ങള്‍ മെറ്റാ ഇതിനു മുന്‍പ് തന്നെ കുറച്ചിരുന്നു. 2023ല്‍ ആളുകളുടെ എണ്ണം ഈ വര്‍ഷത്തെ അപേക്ഷിച്ച് വളരെയധികം കുറയുമെന്ന് മെറ്റാ സിഇഒ പറഞ്ഞു.

നിലവില്‍ 87,000ത്തിലധികം ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നും പത്ത് ശതമാനത്തോളം ആളുകളെ ഉടനെ പിരിച്ചുവിട്ടേക്കും. 2004ല്‍ ഫേസ്ബുക്ക് സ്ഥാപിതമായതിന് ശേഷമുള്ള ആദ്യത്തെ ചെലവ് ചുരുക്കല്‍ നടപടിയാണ് ഇത്. ഡിജിറ്റല്‍ പരസ്യ വരുമാനത്തിലെ കുത്തനെയുള്ള ഇടിവ് മെറ്റയെ തളര്‍ത്തിയിട്ടുണ്ട്.

കമ്പനിയുടെ ആദ്യ 18 വര്‍ഷങ്ങളില്‍ അടിസ്ഥാനപരമായി വേഗത്തില്‍ വളര്‍ന്നു, എന്നാല്‍ ഈ വര്‍ഷം ആദ്യമായി വരുമാനം കുത്തനെ ഇടിഞ്ഞു. അതിനാല്‍ ചെലവ് ചുരുക്കാന്‍ കമ്പനി നിര്‍ബന്ധിതരായി എന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ആഗോള സാമ്പത്തിക രംഗത്തെ തിരിച്ചടികളാണ് തങ്ങളെ ബാധിച്ചത് എന്ന് മെറ്റാ വ്യക്തമാക്കുന്നു. ഒപ്പം പ്രധാന എതിരാളികളായ ടിക്ടോക്കിന്റെ വളര്‍ച്ചയും മെറ്റയെ തളര്‍ത്തിയിട്ടുണ്ട്. ആപ്പിള്‍ തങ്ങളുടെ പ്രൈവസി നയത്തില്‍ വരുത്ത വ്യത്യാസം മെറ്റയുടെ പരസ്യവരുമാനത്തെ വളരെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട വരുമാനം തിരിച്ചു പിടിക്കാന്‍ മെറ്റാ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചേക്കും. ജീവനക്കാരെ പിരിച്ചുവിടുന്നത് അതില്‍ ഒരു മാര്‍ഗം മാത്രമായിരിക്കും.

Related posts:

Leave a Reply

Your email address will not be published.