മുതലാളിയുടെ മെയിലില്‍ മെറ്റ ജീവനക്കാര്‍ക്ക് കിട്ടിയ ‘പണി പോയി’
1 min read
സന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിക്ക് മാതൃകമ്പനിയായ 11000ത്തോളം ജീവനക്കാരെ പിരിച്ചുവിടും എന്ന് ഉറപ്പായി. ഇത് സംബന്ധിച്ച് മെറ്റ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് മെയിലയച്ചു. കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് മെയില്‍ അയച്ചിരിക്കുന്നത്. 13 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുകയാണ് പുതിയ നടപടിയെന്ന് വ്യക്തമാക്കിയത് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ്.
രണ്ട് ദിവസം മുന്‍പ് വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ആദ്യമായി ജീവനക്കാരെ പിരിച്ചുവിടാന്‍ മെറ്റ തീരുമാനിച്ച കാര്യം അറിയിച്ചത്. അതില്‍ മെറ്റ പ്രതികരിച്ചില്ലെങ്കിലും, നടപടി അണിയറയില്‍ സജീവമായിരുന്നു. മെറ്റ ജീവനക്കാരെ ഒന്നരദിവസം മുള്‍മുനയില്‍ നിര്‍ത്തി 11000ത്തോളം ജീവനക്കാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെയില്‍ എത്തി. എല്ലാത്തിനും നന്ദിയുണ്ട്, എന്നതായിരുന്നു ആ മെയിലിന്റെ അവസാനം.
വര്‍ധിച്ചു വരുന്ന ചിലവും ശോഷിച്ചു കൊണ്ടിരിക്കുന്ന പരസ്യ വിപണിയുമാണ് പിരിച്ചുവിടലിന് പിന്നിലെ പ്രധാന കാരണം. 18 വര്‍ഷത്തെ മെറ്റയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടിയെടുക്കുന്നത്. ഇതോടെ ട്വീറ്ററിന് പിന്നാലെ ടെക് രംഗത്തെ വമ്പന്‍ പിരിച്ചുവിടലുകള്‍ നടത്തിയ കമ്പനിയുടെ കൂട്ടത്തില്‍ മെറ്റയും ഉള്‍പ്പെടും.
കോവിഡിന് പിന്നാലെ പ്രതിക്ഷിക്കാതെ നേരിടേണ്ടി വന്ന പണപ്പെരുപ്പവും പലിശനിരക്കിലെ വര്‍ധനവും ടെക് കമ്പനികള്‍ക്ക് വന്‍ അടിയായിരുന്നു. മത്സരം കൂടിയതും ഓണ്‍ലൈന്‍ കച്ചവടരംഗത്തെ പാളിച്ചകളും വീഴ്ചയ്ക്ക് ആക്കം കൂട്ടി. പിരിച്ചുവിടല്‍ നടപടികള്‍ നേരിടേണ്ടി വരുന്നവര്‍ക്ക് ഓരോ വര്‍ഷത്തെ സേവനത്തിനും 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളം നല്‍കും.
കൂടാതെ രണ്ടാഴ്ചത്തെ ശമ്പളം കൂടി ഉള്‍പ്പെടുന്ന പാക്കേജും മെറ്റ പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്ക് ആറ് മാസത്തേക്കുള്ള ആരോഗ്യപരിചരണച്ചെലവും ലഭിക്കും. മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് കമ്പനികളും പിരിച്ചുവിടല്‍ നടത്തിയിരുന്നു.
ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട മസ്‌കിന്റെ തീരുമാനം ഏറെ ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍. ഇതിന് പിന്നാലെയാണ് സക്കര്‍ബര്‍ഗിന്റെ നടപടിയും. പരസ്യദാതാക്കള്‍ പിന്മാറിയത് ട്വീറ്ററിന് വന്‍ അടിയായി മാറിയിരിക്കുകയാണ്.
വരുമാന നഷ്ടത്തെ കുറിച്ച് ആവലാതി പറഞ്ഞ് മസ്‌ക് രംഗത്തെത്തിയിരുന്നു. 3700 ഓളം പേരെ അല്ലെങ്കില്‍ 50 ശതമാനത്തോളം ജീവനക്കാരെയാണ് ട്വിറ്ററിലെ പിരിച്ചുവിടല്‍ നടപടികള്‍ ബാധിച്ചിരിക്കുന്നതെന്നാണ് സൂചന. പിരിച്ചുവിടല്‍ ഏറ്റവും അധികം ബാധിച്ചത് മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് വിഭാഗങ്ങളിലെ ആളുകളെയാണ്. ഇപ്പോഴും പിരിച്ചുവിടല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ് മസ്‌ക്. പിരിച്ചുവിട്ട എല്ലാവര്‍ക്കും മൂന്ന് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കുമെന്ന് മസ്‌ക് നേരത്തെ അറിയിച്ചിട്ടുണ്ട്.