വെറൈറ്റിയായ പിറന്നാൾ ആശംസ

1 min read

ചിലപ്പോൾ ഒരു ബിരിയാണി കിട്ടിയാലോ? സലിംകുമാറിന് ജന്മദിനാശംസയുമായി രമേഷ് പിഷാരടി

ഒക്‌ടോബർ 10, സലിം കുമാറിന്റെ ജന്മദിനമായിരുന്നു. ഇത്തവണത്തെ പിറന്നാളിന് ആശംസയറിയിച്ച് രമേഷ് പിഷാരടിയിട്ട പോസ്റ്റാണിപ്പോൾ താരമായിരിക്കുന്നത്. സലിംകുമാറുമൊത്തുള്ള പഴയകാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രസകരമായ ഒരു ക്യാപ്ഷനും അദ്ദേഹം നൽകിയിരിക്കുന്നു. ”ഇന്ന് സലീമേട്ടന്റെ ജന്മദിനം…. നിങ്ങൾക്കിഷ്ടപ്പെട്ട ഡയലോഗ് കമന്റ് ചെയ്യൂ…. നമുക്ക് ചിരിക്കാം സന്തോഷിക്കാം….. ചിലപ്പോ ബിരിയാണി കിട്ടിയാലോ?…”   ഈ ക്യാപ്ഷനോടൊപ്പം സലിംകുമാറുമൊത്തുള്ള ചെറുപ്പകാലത്തെ ചിത്രങ്ങളും സ്‌റ്റേജ് ഷോകളുടെ ചിത്രങ്ങളുമാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. ഇതിനെത്തുടർന്ന് സലിംകുമാറിന് പിറന്നാൾ ആശംസിച്ചുകൊണ്ട് ധാരാളം പേരെത്തി.

മിമിക്രിയിലൂടെയാണ് സലിംകുമാർ കലാരംഗത്ത് സജീവമാകുന്നത്. തുടക്കം കൊച്ചിൻ കലാഭവനിൽ നിന്ന്. പിന്നീട് കൊച്ചിൻ സാഗർ എന്ന മിമിക്രി ട്രൂപ്പിൽ ചേർന്നു. എാഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കോമിക്കോളയിലും സജീവ സാന്നിധ്യമായിരുന്നു സലിംകുമാർ.

ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കുള്ള കാൽവെപ്പ്. ചുരുങ്ങിയ കാലമേ വേണ്ടി വന്നുള്ളൂ മലയാളത്തിലെ മികച്ച ഹാസ്യതാരമാകാൻ. സലിംകുമാറില്ലാത്ത സിനിമകൾ കുറവായിരുന്നു ഒരു കാലത്ത്. ഇപ്പോഴും ട്രോളൻമാരുടെ ഇഷ്ടതാരമാണ് സലിംകുമാർ. തന്നെക്കുറിച്ചുള്ള ട്രോളുകൾ മതിമറന്ന് ആസ്വദിക്കാറുമുണ്ട് അദ്ദേഹം. അതേക്കുറിച്ച് സലിംകുമാർ തന്നെ പറയുന്നതിങ്ങനെയാണ്. ”ഒരിക്കൽ രജനീകാന്തിനെക്കുറിച്ചുള്ള ഒരു ട്രോൾ വീഡിയോ കണ്ടു കൊണ്ടിരിക്കുകയാണ്. മറ്റേയാളെ കണ്ടില്ലല്ലോ എന്നിങ്ങനെ മനസ്സിലോർത്തിരിക്കുേമ്പാഴാണ് സ്‌ക്രീനിൽ എന്റെ മുഖം വന്നത്. ആഹാ ആള് വന്നല്ലോ എന്ന് അറിയാതെ പറഞ്ഞുപോയി”.  

കോമഡി മാത്രമല്ല ക്യാരക്ടർ റോളുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ചിത്രങ്ങളായിരുന്നു അച്ഛനുറങ്ങാത്ത വീടും ആദാമിന്റെ മകൻ അബുവും. സലിംകുമാറിലെ നടനെ മലയാളിക്ക് കാട്ടിക്കൊടുത്ത സിനിമകൾ. സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം നേടിക്കൊടുത്തു അച്ഛനുറങ്ങാത്ത വീട്. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് 2010ൽ  സലിംകുമാറിനെ തേടിയെത്തിയത് രണ്ടു പുരസ്‌കാരങ്ങളായിരുന്നു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ പുരസ്‌കാരവും.

മിമിക്രിയിൽ നിന്നാണ് സ്‌റ്റേജ് ഷോകളിലേക്ക് രമേഷ് പിഷാരടിയെത്തുന്നത്. ഇന്ന് സംവിധായകനും നടനും അവതാരകനുമൊക്കെയായി തിളങ്ങുകയാണ് പിഷാരടി. മിമിക്രി രംഗത്തേക്ക് അദ്ദേഹത്തെ കൈപിടിച്ചുയർത്തിയത് സലിംകുമാറായിരുന്നു. സലിംകുമാറിന്റെ രമേഷ് പിഷാരടി ഹാസ്യരംഗത്ത് ചുവടുറപ്പിക്കുന്നത്.  

Related posts:

Leave a Reply

Your email address will not be published.