കൈ നിറയെ തേനീച്ചകളും ആയി യുവാവ്; കുത്തില്ലേ എന്ന് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി ഇങ്ങനെ
1 min read
ഓരോ ദിവസവും ആയിരക്കണക്കിന് വീഡിയോകളാണ് വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ നമുക്കു മുന്‍പിലേക്ക് എത്തുന്നത്. ഇതില്‍ പഴയതും പുതിയതും എല്ലാം ഉള്‍പ്പെടുന്നു. കൗതുകവും അമ്പരപ്പും അറിവും വിനോദവും ഒക്കെ തരുന്ന വീഡിയോകള്‍ ആ കൂട്ടത്തില്‍ ഉണ്ടാവും. എന്നാല്‍, അതില്‍ ചിലത് നമ്മെ വല്ലാതെ ആകര്‍ഷിക്കും. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന് അമ്പരപ്പോടെ വീണ്ടും വീണ്ടും കണ്ടു പോകും. അത്തരത്തില്‍ അമ്പരപ്പും അല്പം ആശങ്കയും നിറയ്ക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഉള്ളതാണെങ്കിലും ഇപ്പോള്‍ അത് വീണ്ടും വൈറല്‍ ആവുകയാണ്. എത്ര നാളുകള്‍ക്കു ശേഷം കണ്ടാലും ഈ വീഡിയോ നമ്മള്‍ വീണ്ടും വീണ്ടും കാണും എന്ന് മാത്രമല്ല അമ്പരപ്പും കൗതുകവും തെല്ലും കുറയില്ല എന്നതും മറ്റൊരു സത്യം.
ഒരു തെരുവിലൂടെ തന്റെ നഗ്‌നമായ കൈ നിറയെ ഒരു വലിയ തേനീച്ച കോളനിയുമായി നടന്നു നീങ്ങുന്ന ഒരു ചെറുപ്പക്കാരനാണ് വീഡിയോയില്‍. കൈകളില്ലാത്ത ഒരു ബനിയനും പാന്റ്‌സും മാത്രമാണ് ഈ ചെറുപ്പക്കാരന്‍ ധരിച്ചിരിക്കുന്നത്. മുഖത്ത് ഒരു കൂളിംഗ് ഗ്ലാസും വെച്ചിട്ടുണ്ട്. തനിക്ക് ചുറ്റുമായി നിരവധി ആളുകള്‍ നില്‍പ്പുണ്ടെങ്കിലും ആരെയും മൈന്‍ഡ് ചെയ്യാതെ ഇയാള്‍ ഒരു കൈ നിറയെ തേനീച്ചകളും ആയി നടന്നുനീങ്ങുന്നതാണ് വീഡിയോയില്‍.
റാണി തേനീച്ചയെ ഇയാള്‍ തന്റെ കൈ കുമ്പിളില്‍ ആണ് പിടിച്ചിരിക്കുന്നത് എന്ന് വീഡിയോയില്‍ പറയുന്നു. ആയിരക്കണക്കിന് തേനീച്ചകള്‍ ആണ് ഇയാളുടെ കൈയുടെ തോള്‍ഭാഗം മുതല്‍ താഴോട്ട് പറ്റിപ്പിടിച്ചിരിക്കുന്നത്. അവയില്‍ ഒന്നുപോലും അയാളെ കുത്തുന്നില്ല എന്നതാണ് ചുറ്റും കൂടി നില്‍ക്കുന്നവരെ അത്ഭുതപ്പെടുത്തുന്നത്. എന്തുകൊണ്ടാണ് തേനീച്ചകള്‍ താങ്കളെ കുത്താത്തത് എന്ന് ചോദിക്കുമ്പോള്‍ വീഡിയോ ഷൂട്ട് ചെയ്യുന്ന വ്യക്തിക്ക് അയാള്‍ നല്‍കുന്ന മറുപടിയാണ് അതിലേറെ രസകരം. തേനീച്ചകള്‍ക്ക് അവയുടെ ഉടമസ്ഥനെ അറിയാമെന്നാണ് അയാള്‍ പറയുന്നത്. ഏതായാലും അല്പം പഴയതാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറല്‍ ആവുകയാണ് ഈ വീഡിയോ.