മകളെ ഇറുക്കിയ ഞണ്ടിനെ പച്ചയ്ക്ക് കഴിച്ച് അച്ഛന്റെ പ്രതികാരം ഒടുവില്‍ ആശുപത്രിയില്‍

1 min read

ബെയ്ജിംഗ്: മകളെ ഇറുക്കിയ ഞണ്ടിനെ പച്ചയ്ക്ക് കഴിച്ച് പ്രതികാരം ചെയ്ത് പിതാവ്. ജീവനുള്ള ഞണ്ടിനെ കഴിച്ച പിതാവിന് ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലാണ് സംഭവം. കിഴക്കന്‍ ചൈനയിലെ സെജിയാംഗില്‍ നിന്നുള്ള 39 കാരനായ ലുവാണ് ജീവനോടെ ഞണ്ടിനെ കഴിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷം കഠിനമായ നടുവേദനയുമായാണ് ലൂ ആശുപത്രിയില്‍ ചികിത്സ തേടിയത്.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ച് ചികിത്സ ആരംഭിച്ചു. പ്രാഥമിക പരിശോധനയില്‍ ലൂവിന് നെഞ്ച്, വയറ്, കരള്‍, ദഹനവ്യവസ്ഥ എന്നിവയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തി. ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടായതില്‍ കൃത്യമായ കാരണം തിരിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്ക് ആദ്യം സാധിച്ചില്ല. ഇതോടെയാണ് അസാധാരണമായി എന്തെങ്കിലും സംഭവിച്ചോ എന്ന് ചോദിച്ചത്. തീറ്റ മത്സരം എന്തെങ്കിലും നടത്തിയോ, അല്ലെങ്കില്‍ അലര്‍ജിക്ക് കാരണമാകുന്ന എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്ന് ഒരുപാട് തവണ ലൂവിനോട് ചോദിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

എന്നാല്‍, ഇതിനെല്ലാം ഇല്ല എന്ന മറുപടിയാണ് ലൂ ആവര്‍ത്തിച്ചതെന്ന് ഡോക്ടര്‍ കാവോ ക്വിയാന്‍ പറഞ്ഞു. ലുവിന്റെ ഭാര്യയാണ് ഞണ്ടിനെ കഴിച്ച സംഭവം ഡോക്ടര്‍മാരോട് ആദ്യം പറഞ്ഞത്. അതിനുശേഷം ലൂവിനും അത്തരമൊരു സംഭവം ഉണ്ടായതായി തുറന്ന് പറഞ്ഞു. എന്തിനാണ് ഞണ്ടിനെ ജീവനോടെ കഴിച്ചതെന്ന് ഡോക്ടര്‍ ലൂവിനോട് ചോദിച്ചു. മകളെ ഇറുക്കിയതിന് പ്രതികാരമായാണ് ഞണ്ടിനെ പച്ചയ്ക്ക് കഴിച്ചതെന്നാണ് ലൂ ഇതിന് മറുപടി നല്‍കിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

ഞണ്ടിനെ ഭക്ഷിച്ചതില്‍ നിന്ന് കുറഞ്ഞത് മൂന്ന് പാരസൈറ്റുകള്‍ എങ്കിലും ലുവിനെ ബാധിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചതോടെ തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് ലൂവിനെ ഡിസ്ചാര്‍ജ് ചെയ്തു. എങ്കിലും പതിവ് പരിശോധനകള്‍ക്കായി എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയില്‍ ഉടനീളം ഞണ്ടിനെ ഭക്ഷിക്കുന്നത് സാധാരണമാണ്. മിക്ക പ്രദേശങ്ങളിലും വേവിച്ചാണ് കഴിക്കാറുള്ളത്. എന്നാല്‍ ചില പ്രദേശങ്ങളില്‍, പ്രത്യേകിച്ച് കിഴക്കന്‍ ചൈനയില്‍ ഇത് പച്ചയായി തന്നെ നല്‍കുന്നുമുണ്ട്.

Related posts:

Leave a Reply

Your email address will not be published.