വീട്ടുമുറ്റത്തെ കിണറ്റില്‍ കാര്‍ വീണ് ഗൃഹനാഥന്‍ മരിച്ചു
1 min read
കണ്ണൂര്‍ : കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നില്‍ കാര്‍ വീട്ട് മുറ്റത്തെ കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. അറുപത് കാരനായ താരാ മംഗലത്ത് മാത്തുക്കുട്ടിയാണ് മരിച്ചത്. 18 കാരനായ മകന്‍ ബിന്‍സ് ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മകന്‍ ബിന്‍സിന് ഡ്രൈവിംഗ് പഠിക്കാനായി വീട്ടില്‍ നിന്നും കാര്‍ പുറത്തിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായി ആള്‍മറ തകര്‍ത്താണ് കാര്‍ കിണറിലേക്ക് വീണത്. തളിപ്പറമ്പില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. മാനന്തവാടി രൂപത മെത്രാന്‍ ബിഷപ്പ് അലക്‌സ് താരാമംഗത്തിന്റെ സഹോദരനാണ് മരിച്ച മാത്തുക്കുട്ടി.
അതിനിടെ, കോട്ടയത്ത് പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്താണ് സംഭവം ഉണ്ടായത്. പൊന്‍കുന്നം ശാന്തിഗ്രാം സ്വദേശിയ അഫ്‌സല്‍ എന്ന 24 കാരനാണ് അപകടത്തില്‍ മരിച്ചത്. ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറിയാണ് അപകടം ഉണ്ടായത്. കൊല്ലം തേനി ദേശീയപാതയില്‍ പൊന്‍കുന്നം ശാന്തിപ്പടിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്.
ദേശീയപാതയുടെ അരികിലേക്ക് വാഹനം ഒതുക്കി നിര്‍ത്തിയ ശേഷമായിരുന്നു ടയര്‍ മാറ്റാന്‍ ശ്രമിച്ചത്. പച്ചക്കറി കയറ്റി വന്ന വാഹനത്തിന്റെ ടയര്‍ മാറ്റാനായിരുന്നു ശ്രമം. ഇതിനിടെ വാഹനത്തിന്റെ അടിയില്‍ വെച്ചിരുന്ന ജാക്കി തെന്നിമാറി. ഇതോടെ വാഹനം അഫ്‌സലിന്റെ ദേഹത്തേക്ക് വന്നിടിക്കുകയുമായിരുന്നു. അപകട സമയത്ത് പിക്ക് വാനില്‍ നിറയെ പച്ചക്കറി ലോഡുണ്ടായിരുന്നു. അഫ്‌സലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി.